കൊച്ചി: രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ദുബായിൽനിന്ന് തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അ‌ഞ്ചു പേരെ ആശുപത്രിയിലാക്കി. മൂന്നു പേരെ കളമശ്ശേരി മെഡിക്കൽ ​കോളേജിലും രണ്ടു പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പ്രവേശി​പ്പിച്ചിരിക്കുന്നത്. 

കോട്ടയം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് കളമശേരി മെഡിക്കൽ കോളേജിലുള്ളത്. പാലക്കാട് സ്വദേശികളെയാണ് അ‌വരുടെ ജില്ലയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. 

പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഇവരുടെ സാംപിളുകൾ കോവിഡ് പരിശോധനയ്ക്ക് അ‌യച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ദുബായിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനത്തിൽ ആകെ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 26 പേർ ഗർഭിണികളാണ്. യാത്രക്കാരിൽ പത്ത് വയസിൽ താഴെയുള്ള 10 കുട്ടികളും 13 മുതിർന്ന പൗരന്മാരും ഉൾപ്പെടുന്നു. 

ആശുപത്രിയിൽ പ്രവേശി​പ്പിച്ചവർ ഒഴികെയുള്ളവരിൽ 92 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലേക്കും 81 പേരെ സ്വന്തം വീടുകളിലേക്കും നിരീക്ഷണത്തിനായി അയച്ചു. കെഎസ്ആർടിസി ബസുകളിലും ടാക്സികളിലും ആംബുലൻസുകളിലുമായാണ് യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്.

ദുബായിൽ നിന്ന് എത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം- 33, ആലപ്പുഴ- 12, കോട്ടയം- 37, ഇടുക്കി- 5, പത്തനംതിട്ട- 7, കൊല്ലം- 2, തിരുവനന്തപുരം- 3, തൃശ്ശൂർ- 54,  പാലക്കാട്- 16, മലപ്പുറം- 4, കോഴിക്കോട്- 2,  കാസർകോട്- 3.

Content Highlights: corona virus pandemic five expats from dubai hospitalised