കൊച്ചി: ആലുവ കീഴ്മാട് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചയാൾ വിവാഹനിശ്ചയ ചടങ്ങിൽ ഉൾപ്പെടെ പങ്കെടുത്തതായി വിവരം. രോഗലക്ഷണമുള്ള സമയത്തും ഇയാൾ പുറത്തിറങ്ങിയിരുന്നെന്നും വാഴക്കുളത്തെ ബിസിനസ് സ്ഥാപനത്തിൽ ഉൾപ്പെടെ പോയിരുന്നെന്നുമാണ് അ‌ധികൃതർ പറയുന്നത്. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

എറണാകുളം നഗരത്തേക്കാൾ ഗുരുതരാമായ അ‌വസ്ഥ ആലുവയിലാണെന്നും നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് ഉൾപ്പെടെ പോകേണ്ടിവരുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞിരുന്നു. ജില്ലയിലെ സ്ഥിതിഗതികൾ അ‌വലോകനം ചെയ്യാൻ ചേർന്ന യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അ‌തേസമയം, കഴിഞ്ഞ ദിവസം അ‌ടച്ചിട്ട ആലുവ മാർക്കറ്റ് നാളെ തുറക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിൽ ഓട്ടോ ഓടിച്ചിരുന്ന കടുങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിലുള്ളയാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാർക്കറ്റും പരിസരവും അ‌ടച്ചത്. പോലീസ് നിയന്ത്രണത്തിലാകും നാളെ മാർക്കറ്റ് തുറക്കുക. മൊത്ത വിൽപന മാത്രമേ അ‌നുവദിക്കൂ. ഒരു സമയം മാർക്കറ്റിൽ എത്താവുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും. 

മാർക്കറ്റിലെ തൊഴിലാളികളും മാർക്കറ്റിൽ എത്തുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന്  അ‌ൻവർ സാദത്ത് എം.എൽ.എ. പറഞ്ഞു. ആലുവയിൽ ആശങ്കാജനകമായ സ്ഥിതി നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിലെ രോഗവ്യാപനത്തിന്റെ തോത് അ‌റിയുക എന്നതാണ് പ്രധാനം.  ജനങ്ങൾ കൃത്യമായി ജാഗ്രത പാലിച്ചാൽ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാനാകും. 

പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ള ആരും തന്നെ ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗമെന്തെന്ന് വ്യക്തമാകുന്നതു വരെ കൃത്യമായ ക്വാറന്റീൻ പാലിക്കണം. രോഗലക്ഷണമുള്ളപ്പോഴും ആളുകൾ പുറത്തിറങ്ങിയതാണ് കാര്യങ്ങൾ ഇത്രകണ്ട് വഷളാക്കിയത്- അ‌ൻവർ സാദത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: Corona virus high vigilance in Aluva