മന്ത്രി കെ.കെ. ശൈലജ ബി.ബി.സി.യുടെ ലൈവ് അഭിമുഖപരിപാടിയിൽ സംസാരിക്കുന്നു
കാസര്‍കോട്: കൊറോണ ബാധ സംശയിച്ച് കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അഞ്ചുദിവസത്തിനിടെ വിവാഹച്ചടങ്ങുകളില്‍ ഉള്‍പ്പെടെ വൈറസ് ബാധിതന്‍ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് എംഎല്‍എമാരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കല്യാണങ്ങളിലും പൊതു പരിപാടികളിലുമാണ് എംഎല്‍എമാര്‍ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തത്. എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നതായാണ് സൂചന.
ദുബായില്‍ നിന്ന് മാര്‍ച്ച് 11ന് പുലര്‍ച്ചെ എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആള്‍ എത്തിയത്. തുടര്‍ന്ന് കോഴിക്കോട് ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്‌സ്പ്രസിന്റെ എസ് 9 സ്ലീപ്പര്‍ കോച്ചിലാണ് ഇയാള്‍ കോഴിക്കോടുനിന്ന് കാസര്‍കോടേയ്ക്ക് പുറപ്പെട്ടത്. ഇതിനു ശേഷം അഞ്ച് ദിവസം കാസര്‍കോട് നിരവധി സ്ഥലങ്ങളില്‍ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.
പിന്നീട് 16-ാം തീയതി കാസര്‍കോട് ഒരു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുക്കുകയും നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. മഞ്ചേശ്വരം, കാസര്‍കോട് എംഎല്‍എമാര്‍ അടക്കം നിരവധി പേരുമായി ഇടപെട്ടിരുന്നു. ആരൊക്കെയായാണ് ഇടപെട്ടതെന്ന് കണ്ടെത്താനാണ് ശ്രമം.
തീവണ്ടിയാത്ര കോഴിക്കോട്ടുനിന്ന് കാസര്‍കോട് വരെ
കാഞ്ഞങ്ങാട്: ഈ മാസം 12-ന് രാവിലെ മാവേലി എക്‌സ്പ്രസിലാണ് കൊറോണ ബാധിച്ച കുഡ്ലു സ്വദേശി കാസര്‍കോട്ടെത്തിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അന്നു പുലര്‍ച്ചെ 3.40-നാണ് മാവേലി എത്തിയത്.
ഈ സമയം ഇദ്ദേഹം കയറിയ എസ് 9 കോച്ചിലുണ്ടായിരുന്നത് 42 പേര്‍. കൊയിലാണ്ടിയില്‍ 4.15-നും വടകരയില്‍ 4.35-നും എത്തി. ഈ രണ്ടു സ്റ്റേഷനുകളിലും എസ് 9-ല്‍ ആരും കയറുകയോ അതില്‍നിന്ന് ഇറങ്ങുകയോ ചെയ്തിട്ടില്ല.
മാഹിയില്‍ 4.45-ന് എത്തി. അവിടെനിന്ന് എതാനും ചിലര്‍ കയറി. ആരും ഇറങ്ങിയിട്ടില്ല. തലശ്ശേരിയില്‍ പുലര്‍ച്ചെ അഞ്ചുമണിക്കെത്തി. കുറച്ചുപേര്‍ കയറി. ആരും ഇറങ്ങിയില്ല. ഇവര്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ടിക്കറ്റെടുത്തവരായിരുന്നു.
അവര്‍ ടി.ടി.ആറിനോട് പറഞ്ഞ് സ്ലീപ്പര്‍ ടിക്കറ്റിന്റെ പണം കൊടുത്ത് അതേ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തു. കണ്ണൂരില്‍ പുലര്‍ച്ചെ 5.23-ന് എത്തി. കുറേപ്പേര്‍ ഇറങ്ങുകയും ഏതാനും ചിലര്‍ കയറുകയും ചെയ്തു. പഴയങ്ങാടിയില്‍ 5.47-ന് എത്തി. ആരും കയറുകയോ ഇറങ്ങുകയോ ചെയ്തില്ല. ആറുമണിക്ക് പയ്യന്നൂരില്‍. ഒന്നോരണ്ടോ പേര്‍ കയറി. ആരും ഇറങ്ങിയില്ല.
ചെറുവത്തൂരിലെത്തിയപ്പോള്‍ ആരും കയറുകയോ ഇറങ്ങുകയോ ചെയ്തില്ല. നീലേശ്വരത്ത് 6.33-ന് എത്തി. രണ്ടുപേര്‍ കയറി. ജനറല്‍ കമ്പാര്‍ട്ട്മെന്റ് ടിക്കറ്റായതിനാല്‍ ഇവരെ അതിലേക്ക് മാറ്റി. 6.44-ന് കാഞ്ഞങ്ങാട്ടെത്തി. ഇവിടെയും കുറച്ചുപേര്‍ ഇറങ്ങി. എ.സി. കമ്പാര്‍ട്ടുമെന്റില്‍ കയറേണ്ട ഒരാള്‍ എസ് 9-ലേക്ക് മാറിക്കയറി. കാസര്‍കോട്ട് 7.04-ന് എത്തി. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കുറച്ചുപേര്‍ ഇറങ്ങുകയും ഒന്നിലേറെപ്പേര്‍ കയറുകയും ചെയ്തു.
Content Highlights: Corona- Kasaragod, Manjeshwar MLA under quarantine


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..