
കൊറോണ രോഗലക്ഷണമുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കാനായി പുറപ്പെടുന്ന ആരോഗ്യ പ്രവർത്തകർ
പത്തനംതിട്ട/കോട്ടയം/കൊച്ചി: കോവിഡ്-19 വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം പരിശോധനാ ഫലം ഇന്ന് ലഭിക്കും. രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരുമായി ഇടപഴകിയ 301 പേരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായ ഏതാനും പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റും.
പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന്റെ ഭാഗമായി 100 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുന്നതിനുള്ള സ്ഥലം ജില്ലാ ഭരണകൂടം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണ്. കടകള്‍ അടഞ്ഞുകിടക്കുന്നു. ബസ് സര്‍വീസുകളും കുറഞ്ഞു. യാത്രചെയ്യാന്‍ ആളില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. 24 പേരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം.

അതേസമയം മൂന്ന് പേര്‍ക്ക് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ച എറണാകുളത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 23 പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്.
അതിനിടെ ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ 40 മലയാളികള്‍ ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ഇവരുടെ രക്ത സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും. പുലര്‍ച്ചെ 2.20നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. എറണാകുളത്തുനിന്നുള്ള 75 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം താത്കാലികമായി നിര്‍ത്തിവെച്ചു.

കോട്ടയത്ത് കോവിഡ്-19 സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. കോട്ടയത്ത് നിരീക്ഷണത്തില്‍ ഉള്ളത് 10 പേരാണ്. ഇറ്റലിയില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ വീട്ടുനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 22 കോട്ടയം സ്വദേശികളും വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 167 പേരാണ് കോട്ടയത്ത് നിരീക്ഷണത്തില്‍ ഉള്ളത്.
കൊല്ലത്ത് ഇറ്റലിയില്‍ നിന്നെത്തിയ പെണ്‍കുട്ടി നിരീക്ഷണത്തിലാണ്. ഈ പെണ്‍കുട്ടി തീവണ്ടിയിലടക്കം സഞ്ചരിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പെണ്‍കുട്ടി ട്രെയിന്‍ മാര്‍ഗമാണ് വീട്ടിലേക്ക് പോയത്. ഇവരില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗബാധ തെളിഞ്ഞാല്‍ ട്രെയിനില്‍ സഞ്ചരിച്ചവരെ മുഴുവന്‍ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ടിക്കറ്റ് റിസര്‍വ് ചെയ്യാതെ പോയ ആളുകളെയാണ് കണ്ടെത്താന്‍ സാധിക്കാതെ വരിക എന്നതാണ് ജില്ലാ ഭരണകൂടത്തെ അലട്ടുന്നത്. പെണ്‍കുട്ടി സഞ്ചരിച്ച കമ്പാര്‍ട്ടുമെന്റിലുള്ള ആളുകളെ കണ്ടെത്താനാണ് ശ്രമം. രോഗബാധ സ്ഥിരീകരിച്ചാല്‍ ഇവരെയെല്ലാം നിരീക്ഷണത്തിലാക്കും.
Content Highlights: Corona; 24 test results came today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..