കൊച്ചി: വേലകളി, പഞ്ചവാദ്യം, താലപ്പൊലി.... കോവിഡ് പ്രതിസന്ധി മറികടന്നെത്തിയ സഞ്ചാരികളെ കൊച്ചി സ്വീകരിച്ചത് മേള വാദ്യഘോഷങ്ങളോടെയായിരുന്നു. വർഷങ്ങൾക്ക് ശേഷം കേരളത്തിലെ ടൂറിസം മേഖല സജീവമാവുകയാണ് 399 ആഭ്യന്തര വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ കോർഡിലിയ ക്രൂസ് കപ്പലിലൂടെ.

മുംബൈയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്നതാണ് കാർഡിലിയ ക്രൂസ് കപ്പല്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുമായാണ് കോർഡേലിയ ക്രൂയിസസിന്റെ കപ്പൽ കൊച്ചിയിൽ എത്തിയത്. ആഡംബര നൗകകൾക്കായി ഒരുക്കിയിരിക്കുന്ന പുതിയ ടെർമിനലിലാണ് സഞ്ചാരികൾ ഇറങ്ങിയത്.

കപ്പലിലെ 182 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകൾ അടുത്തറിയാനായി തീരത്ത് ഇറങ്ങിയത്. 217 സഞ്ചാരികൾ കൊച്ചിയിലിറങ്ങി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു.

കോവിഡ് 19 സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ സന്ദർശകർക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവർ ചേർന്ന് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. അതേസമയം കൊച്ചിയിൽ നിന്ന് ഏകദേശം 800 വിനോദ സഞ്ചാരികൾ ആഢംബര കപ്പലിൽ കയറും.

രാവിലെ 7 ന് കൊച്ചിയിൽ നങ്കൂരമിട്ട കപ്പലിൽ നിന്നും സഞ്ചാരികൾ പുറത്തിറങ്ങി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവടങ്ങളിലുള്ള പൈതൃക സാംസ്കാരിക കേന്ദ്രങ്ങൾ, മറൈൻ ഡ്രൈവ്, മാളുകൾ തുടങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതിന് പുറമെ ബോട്ടിൽ കായൽ സൗന്ദര്യവും ആസ്വദിച്ചാണ് തിരികെ ക്രൂസിലെത്തിയത്. പ്രത്യേകം ബസ്സുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്ര.

വൊയേജർ കേരളയാണ് മുംബൈയിൽ നിന്ന് ലക്ഷദ്വീപിലേക്ക് യാത്രയൊരുക്കിയിരിക്കുന്നത്. വൈകിട്ടോടെ കപ്പൽ ലക്ഷദ്വീപിലേക്ക് തിരിക്കും.

Content Highlights:cordelia cruis reached kochi the tourism sector is became active after covid pandemic