മൂന്നാര്‍: ചിന്നക്കനാല്‍ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിപിഎം ലോക്കല്‍ സെക്രട്ടറി വി.എക്‌സ് ആല്‍ബിന് വ്യാജ പട്ടയത്തിന്മേല്‍ വായ്പ അനുവദിച്ചെന്ന് കണ്ടെത്തി.

തണ്ടപ്പേര്‍ റദ്ദാക്കിയ ഭൂമി ഈടായി സ്വീകരിച്ചാണ് വായ്പ നല്‍കിയത്. വ്യാജ പട്ടയത്തിന് ആല്‍ബിന് എതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. കേസെടുത്തതിന് ശേഷമാണ് വായ്പ അനുവദിച്ചത്. 10 ലക്ഷം രൂപയോളം ആല്‍ബിന് ഈ സഹകരണ ബാങ്കില്‍ വായ്പയുണ്ട് എന്നാണ് വ്യക്തമാകുന്നത്. 2011 ല്‍ ഈ ബാങ്കിലേക്ക് ഗഹാന്‍ രജിസ്റ്റര്‍ ചെയ്ത് ഈ ഭൂമി സഹകരണ ബാങ്കിന് രജിസ്റ്റര്‍ ചെയ്ത് കൊടുത്താണ് ഇദ്ദേഹത്തിന് വായ്പ അനുവദിച്ചത്. എന്നാല്‍ അതിന് മുമ്പ് തന്നെ 2010 ഡിസംബര്‍ 31ന് തന്നെ ആല്‍ബിന് കൈവശം വച്ചിരുന്ന ഭൂമിയുടെ തണ്ടപ്പേര്‍ റദ്ദാക്കുകയും വ്യാജ പട്ടയമുണ്ടാക്കിയതിന് ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തിരുന്നു.

ഇതിനെല്ലാം ശേഷമാണ് സഹകരണ ബാങ്ക് ഇദ്ദേഹത്തിന് വായ്പ നല്‍കിയത്. ബാങ്കിന്റെ സെക്രട്ടറിയാകട്ടെ ആല്‍ബിന്‍ പാർട്ടി ലോക്കൽ സെക്രട്ടറിയായിരിക്കുന്ന കമ്മിറ്റിയിലെ അംഗവുമാണ് എന്നതാണ് ശ്രദ്ധേയം. ഈടു വച്ച് വായ്പ എടുത്ത ഭൂമി ഇതിനിടെ ആല്‍ബിന്‍ ക്രയവിക്രയം ചെയ്യുകയും സിഎസ്‌ഐ പള്ളിക്ക് 10 സെന്റോളം ഭൂമി എഴുതിക്കൊടുക്കുകയും ചെയ്തു.

വ്യാജ പട്ടയത്തിന്മേല്‍ വായ്പ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിന്റെ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വി.എസ് നടത്തിയ മൂന്നാര്‍ ദൗത്യകാലത്ത് ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ട വ്യക്തികളിൽ ഒരാളായിരുന്നു ആല്‍ബിന്‍.

Content Highlights: Cooperative bank disbursed loan to CPM local secretary who produced forged documents