• മുഖ്യപ്രതി പാറായിബാബു കൊല നടത്താൻ ഉപയോഗിച്ച കത്തി പിണറായിലെ കൂട്ടുപ്രതി സന്ദീപിന്റെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നെടുത്ത് പോലീസിന് കൊടുക്കുന്നു
തലശ്ശേരി: നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ക്കുശേഷം സംഘം ആദ്യമെത്തിയത് പിണറായി-ചിറക്കരയിലെ ഇ.കെ.സന്ദീപിന്റെ വീട്ടിലെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. തലശ്ശേരി സഹകരണ ആശുപത്രി കാന്റീനുമുന്നിലുണ്ടായ സംഘര്‍ഷത്തിനിടെ ജാക്‌സണ് തലയ്ക്ക് പരിക്കേറ്റിരുന്നു.
പ്രധാന പ്രതിയായ പാറായി ബാബുവിന്റെ ഓട്ടോറിക്ഷയിലാണ് ജാക്‌സണെ സമീപത്തുള്ള മിഷന്‍ ഹോസ്പിറ്റലിലെത്തിച്ചത്. പിന്നീട് സന്ദീപിന്റെ വീട്ടിലെത്തി. ആള്‍പ്പാര്‍പ്പില്ലാത്ത സമീപത്തെ വീട്ടുമുറ്റത്ത് ഓട്ടോറിക്ഷ ഒളിപ്പിച്ചു. കുളിയും ഭക്ഷണവും കഴിഞ്ഞശേഷം കര്‍ണാടകയിലെ മടിക്കേരിയിലേക്ക് കടന്നു.
മമ്പറം-മൈലുള്ളിമെട്ട വഴി അരുണ്‍കുമാറിന്റെ കാറിലായിരുന്നു യാത്ര. മൈലുള്ളി മെട്ടയിലെത്തിയപ്പോള്‍ പ്രതികള്‍ എല്ലാവരും ഫോണ്‍ ഓഫാക്കി സിം കാര്‍ഡ് ഊരിമാറ്റി.
മടിക്കേരിയില്‍ പോലീസ് എത്തിയത് മനസ്സിലാക്കിയതോടെ കേരളത്തിലേക്ക് മടങ്ങി. ഇതിനിടെ കൂട്ടുപുഴയില്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍, ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞാണ് പ്രതികളെ പിടികൂടിയത്.
ഏഴ് പ്രതികള്‍ റിമാന്‍ഡില്‍
തലശ്ശേരി: തലശ്ശേരിയില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ അറസ്റ്റിലായ ഏഴ് പ്രതികള്‍ റിമാന്‍ഡില്‍. നിട്ടൂര്‍ സ്വദേശികളായ പാറായി ബാബു എന്ന സുരേഷ്ബാബു (47), ജാക്‌സണ്‍ വിന്‍സെന്റ് (28), കെ.നവീന്‍ (32), വടക്കുമ്പാട് കുളിബസാറിലെ അരുണ്‍കുമാര്‍ എന്ന അരൂട്ടി (38), പിണറായി സ്വദേശികളായ ഇ.കെ.സന്ദീപ് (38), എന്‍.സുജിത്ത്കുമാര്‍ (45), വടക്കുമ്പാട് പാറക്കെട്ടിലെ മുഹമ്മദ് ഫര്‍ഹാന്‍ (21) എന്നിവരെയാണ് തലശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് ആറോടെ തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍നിന്ന് പ്രതികളുടെ വൈദ്യപരിശോധനാനടപടി പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പിന്നീട് നല്‍കും.
പിടിയിലായവരില്‍ പ്രധാന പ്രതി ഉള്‍പ്പെടെ മിക്കവരും സി.പി.എം. പ്രവര്‍ത്തകരാണെന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. യു.ഡി.എഫും ബി.ജെ.പി.യും ഇത് രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.
ലഹരിമാഫിയാസംഘത്തെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകരായ തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ് (52), സഹോദരീഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍ (40) എന്നിവരാണ് കഴിഞ്ഞദിവസം വെട്ടേറ്റ് മരിച്ചത്.
Content Highlights: thalassery double murder case, convicts stayed at pinarayi, convicts statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..