കണ്ണൂര്‍: അന്തരിച്ച കെ.പി.സി.സി സെക്രട്ടറി കെ. സുരേന്ദ്രന്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് കെ.പി.സി.സി അംഗം കെ. പ്രമോദ്. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും വ്യക്തിഹത്യ താങ്ങാനാകാതെ ഹൃദയംപൊട്ടിയാണ് സുരേന്ദ്രന്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജാതി ആക്രമണവും സാമ്പത്തിക ആരോപണവും ഉന്നയിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 

ഗള്‍ഫില്‍ ജോലി ചെയ്യുന്ന കണ്ണൂരിലെ പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സുരേന്ദ്രനെതിരെ ഫെയ്‌സ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. സുരേന്ദ്രേട്ടന്റെ മരണം പെട്ടെന്നായിരുന്നുവെങ്കിലും കാര്യമായ രീതിയിലുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. വിദേശത്തിരുന്ന് കെ.സുരേന്ദ്രനെന്ന നേതാവിനെ മാനസികമായി തകര്‍ക്കാനും അവഹേളിക്കാനും ശ്രമിച്ചതിന് പിന്നില്‍ പാര്‍ട്ടിയില്‍ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രനെ വല്ലാതെ തളര്‍ത്തിയെന്നും പ്രമോദ് പറഞ്ഞു. 

കണ്ണൂര്‍ മേയര്‍ സ്ഥാനത്തേക്ക് സുരേന്ദ്രന്‍ പരിഗണക്കപ്പെടുമോയെന്ന ആധിയില്‍ ആ മനുഷ്യനെ തകര്‍ക്കാന്‍ സൈബര്‍ ക്വട്ടേഷന്‍ കൊടുത്തവരോട് ക്ഷമിക്കാന്‍ താനടക്കമുള്ള പ്രവര്‍ത്തകര്‍ തയ്യാറല്ലെന്നും പ്രമോദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അനവസരത്തിലാണ് സുരേന്ദ്രേനെതിരേ ഇത്തരമൊരു സൈബര്‍ അക്രമണം നടന്നതെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി പ്രവര്‍ത്തകനെന്ന ലേബലില്‍ സുരേന്ദ്രനെതിരെ വ്യക്തിഹത്യ നടത്തിയവനെതിരെ നിയമ നടപടിയാണ് ആദ്യം വേണ്ടതെന്ന് കെ. പ്രമോദ് ആവശ്യപ്പെട്ടു. കെപിസിസിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം. യൂത്ത് കോണ്‍ഗ്രസും ഐഎന്‍ടിയുസിയുമൊക്കെ ഇത് ഗൗരവത്തോടെ കാണണം. സുരേന്ദ്രേട്ടന് നീതി വേണമെന്നും കൊലക്കുറ്റത്തിനു തന്നെ ഈ സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ കേസെടുപ്പിക്കണമെന്നും പ്രമോദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

Content Highlights: Controversy over KPCC General secretary K Surendran's death