
കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ| Photo: Mathrubhumi
ന്യൂഡല്‍ഹി: സിപിഐക്കെതിരെ സി.പി.എം. പ്രസിദ്ധീകരണമായ ചിന്താ വാരികയില്‍ വന്ന വിമര്‍ശത്തിന് മറുപടിയുമായി കാനം രാജേന്ദ്രന്. അടുത്തലക്കം നവയുഗത്തില്‍ ഇതിന് മറുപടിയുണ്ടാകുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പറഞ്ഞു. സി.പി.ഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമാണ് നവയുഗം. മുന്നണിയില്‍ പ്രത്യയശാസ്ത്രപരമായ തര്‍ക്കം പാടില്ലാ എന്നില്ലെന്നും വിമര്‍ശിക്കുന്നത് ശരിയോ എന്ന് വിമര്‍ശിക്കുന്നവരാണ് പറയേണ്ടതെന്നും കാനം ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം ചിന്തയില്‍ വന്നത് സി.പിഎമ്മിന്റെ പ്രതികരണമല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു. നേതാക്കള്‍ എഴുതിയ ലേഖനമല്ല ചിന്തയിലേത്. സി.പി.എം. നിലപാട് പാര്‍ട്ടി തന്നെ പറയും. അതിന് ആരുടെയും ശീട്ട് വേണ്ടെന്നും സിപിഐയുടെ ചരിത്രം എല്ലാവര്ക്കും അറിയാവുന്നതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
സി.പി.ഐക്കുനേരെ നിശിത വിമര്‍ശനമായിരുന്നു ചിന്താ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ. എന്നാണ് ലേഖനത്തിലെ വിശേഷണം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ. എന്നും 'ചിന്ത' പറയുന്നു. പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സി.പി.ഐ. തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയാണ് 'തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍' എന്നപേരില്‍ ചിന്തയിലെ ലേഖനം.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സമ്മേളനകാലം വിമര്‍ശനത്തിന്റെയും സ്വയംവിമര്‍ശനത്തിന്റെയും അതുവഴിയുള്ള തിരുത്തലുകളുടേതുമാണ്. എന്നാല്‍, സി.പി.ഐ. തയ്യാറാക്കിയ രേഖ സി.പി.എമ്മിനെ തിരുത്തുന്ന കാര്യം ചര്ച്ചചെയ്യാനുള്ളതാണ്. ഇടതുപക്ഷത്തെ തിരുത്തല്ശക്തിയെന്നത് മുമ്പ് വലതുപക്ഷമാധ്യമങ്ങള്‍ സി.പി.എമ്മിനെ കുത്താനായി സി.പി.ഐ.ക്ക് ചാര്‍ത്തിക്കൊടുത്ത പദവിയാണ്. ഇത്തവണ ആ പട്ടം അവര്‍ സ്വയം എടുത്തണിഞ്ഞിരിക്കയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..