തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരേ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വിവാദം കത്തുന്നു. ടി.പി. സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ബി.ജെ.പി മറുപടി പറയണമെന്നും അദ്ദേഹം ബി.ജെ.പിയുമായി സഹകരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ തുടങ്ങിയതെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. 

എന്നാല്‍ ടി.പി. സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് ബി.ജെ.പി. മറുപടി പറയേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രതികരണം. നമ്പി നാരായണനെ ശുപാര്‍ശ ചെയ്തവരാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബി.ജെ.പി. എം.പി. രാജീവ് ചന്ദ്രശേഖറാണെന്ന വാര്‍ത്തയും പുറത്തുവന്നു. നമ്പി നാരായണനെ പുരസ്‌കാരത്തിന് പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്താണ് പുറത്തുവന്നത്. 

Content Highlights: controversy on nambi narayan padma bhushan award and tp senkumar's allegation