തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തിരുവനന്തപുരത്ത് ബിജെപിയില്‍ കലഹം തുടരുന്നു. ശ്രീകാര്യം വാര്‍ഡിലെ സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറിയെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ബൂത്ത് കമ്മിറ്റിയിലെ എഴുപതോളം പേര്‍ രാജിവച്ചതായ കത്ത് പുറത്ത്. എന്നാല്‍ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ആരും ബിജെപി പ്രവര്‍ത്തകര്‍ അല്ലെന്നും മണ്ഡലം നേതൃത്വം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവഗണനയില്‍ പ്രതിഷേധിച്ചുള്ള പൊട്ടിത്തെറി തുടരുകയാണ്. ജില്ലാ കമ്മിറ്റി അംഗവും മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറിയുമൊക്കെ പാര്‍ട്ടി വിട്ടതിന് പിന്നാലെ നഗരസഭയിലെ ശ്രീകാര്യം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടരാജി തീരുമാനത്തിലാണ്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ ശ്രീകാര്യത്ത് സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിലാണ് പ്രതിഷേധം. 

രാജിക്കത്ത്
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന രാജിക്കത്ത്

അവഗണനയ്‌ക്കെതിരായ പ്രതിഷേധം കഴക്കൂട്ടം മണ്ഡലം പ്രസിഡന്റിനെ ചില പ്രവര്‍ത്തകര്‍ നേരില്‍ കണ്ട് അറിയിച്ചിരുന്നു. പിന്നാലെ ശ്രീകാര്യം വാര്‍ഡിലെ 58,59  ബൂത്തുകളിലെ 70 ഓളം പേര്‍ ബിജെപി നിന്ന് രാജിവെയ്ക്കുന്നതായ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. രാജീവിന് പകരം യുവമോര്‍ച്ച നേതാവ് സുനിലിനെ സ്ഥാനാര്‍ഥിയാക്കിയതിലാണ് പ്രതിഷേധം. 

എന്നാല്‍ രാജിവച്ചെന്ന് പറയുന്നവര്‍ ബിജെപി പ്രവര്‍ത്തകര്‍ അല്ലെന്നും രാജിക്കത്ത് ലഭിച്ചില്ലെന്നും കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്.രാജീവ് പറയുന്നു. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിലുള്ള പ്രതിഷേധമായി പ്രദേശത്ത് ബിജെപിയുടെ പേരില്‍ ബുക്ക് ചെയ്ത് ചുമരുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി തിരുത്തിയിട്ടുണ്ട്. രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന്റെ ഞെട്ടലിലാണ് നേതൃത്വം. അതിനാല്‍ വിഷയത്തില്‍ സംസ്ഥാന പ്രസിഡന്റിനടക്കം പരാതി നല്‍കുമെന്ന് കഴക്കൂട്ടം മണ്ഡലം ഭാരവാഹികള്‍ വ്യക്തമാക്കി.

Content Highlights: Controversy in BJP over candidate selection in Thiruvananthapuram