മൊഫിയ പർവീൺ, റിമാൻഡ് റിപ്പോർട്ടിലെ പരാമർശം, കോൺഗ്രസ് നടത്തിയ പ്രതിഷേധം| Photo: Mathrubhumi, www.facebook.com|aluvamla
കൊച്ചി: നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്കെതിരായ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം വിവാദമാകുന്നു. കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍-പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ട് എന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ അന്‍വര്‍ സാദത്ത് എം.എല്‍.എ. രംഗത്തെത്തി.
പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹവും ഈ രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ. പറഞ്ഞു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തകരോടുമുള്ള അവഹേളനമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കുന്നത്. തീവ്രവാദി ബന്ധം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത് സര്‍ക്കാരിന്റെ അറിവോടുകൂടി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. റൂറല്‍ എസ്.പി. കെ കാര്‍ത്തിക്കിനെ ഫോണില്‍ വിളിച്ച് എം.എല്‍.എ. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന പോലീസ് നയം കേരളത്തിന് അപമാനമാണെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി നേതാവ് അല്‍ അമീന്‍ അഷറഫ്, നേതാക്കളായ നെജീബ്, അനസ് എന്നിവര്‍ മോഫിയാ പര്‍വീനും കുടുംബത്തിനും നീതി ലഭിക്കാനാണ് പോരാടിയത്. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരല്ല. പൊതു പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസുകാരാണ്. പക്ഷെ പോലീസ് ഇവരില്‍ നടത്തിയ തീവ്രവാദ ആരോപണം ഗുരുതരവും അപമാനവുമാണ്. പിണറായി പോലീസ് യോഗി പോലീസിന് പഠിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അവരെ തീവ്രവാദികളാക്കി മാറ്റിയ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. റൂറല്‍ എസ്.പി കാര്‍ത്തിക്കിനെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പൊതുജന സമക്ഷം പോലീസ് നടപടികള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും അന്‍വര്‍ സാദത്ത് കുറിപ്പില്‍ വ്യക്തമാക്കി.
content highlights: controversy erupts over remand report against congress workers


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..