പിഎ നിയമന വിവാദത്തേ പറ്റി സാക്ഷരത മിഷന്‍ ഡയറക്ടര്‍ പി.എസ്. ശ്രീകല ആരോപണങ്ങള്‍ എണ്ണിയെണ്ണി നിഷേധിക്കുകയാണ്. സര്‍ക്കാരിന്റെ ജനകീയമുഖമായി സാക്ഷരതാ മിഷനെ മാറ്റിയതിലുള്ള അസ്വസ്ഥതകളാകാം ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് ശ്രീകല പറയുന്നത്. ഒരു സ്ത്രീ അധികാര സ്ഥാനത്തേക്കെത്തി എന്ന ഘടകവും ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടാകാം. സ്ത്രീകളും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരും ഏതൊക്കെ അധികാര സ്ഥാനത്ത് എത്തിയാലും അവിടെയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ കാണാന്‍ സാധിക്കും. ചിലത് ഇതുപോലെ പുറത്തുവന്നിട്ടുമുണ്ടാകാം. മറ്റുചിലതൊക്കെ ആഭ്യന്തര പ്രശ്‌നങ്ങളുമാകാം. ഇപ്പോൾ വരുന്ന ആരോപണങ്ങളില്‍ അത്തരമൊരു ഘടകമുണ്ടെന്ന് കരുതുന്നതായും അവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം. 

പിഎ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തുടരുകയാണല്ലോ, ഈ സാഹചര്യത്തില്‍ ഡയറക്ടര്‍ എന്ന നിലയില്‍ എന്താണ് പി.എസ് ശ്രീകലയ്ക്ക് വ്യക്തമാക്കാനുള്ളത്?

ഞാന്‍ സാക്ഷരതാ മിഷനില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പു മുതല്‍ അവിടെ പി.എയുടെ ചുമതല നിര്‍വഹിക്കുന്ന ആള്‍ ഉണ്ട്. പിഎ എന്നാല്‍ അവിടെ ജോലി ചെയ്യുന്ന ഒരാള്‍ക്ക് അതിന്റെ ചുമതല നല്‍കിയിട്ടുണ്ടായിരുന്നു. എല്ലാ കാലത്തും അങ്ങനെ ഒരാള്‍ക്ക് പിഎയുടെ ചുമതല നല്‍കിയിരുന്നുവെന്നാണ് പിന്നീട് ഫയലുകളില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത്. ഇങ്ങനെ പിഎയുടെ ചുമതല അധികമായി നിര്‍വഹിച്ചിരുന്നവര്‍ക്ക് മാസം 1000 രൂപ അലവന്‍സ് നല്‍കിയിരുന്നതായും ഫയലുകളിലുണ്ട്. 

ഇതൊന്നും ഡയറക്ടര്‍മാര്‍ മാത്രം തീരുമാനിച്ചു ചെയ്തിരുന്നതല്ല, എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ച് ചെയ്യുന്നതാണ്. ഞാന്‍ ഡയറക്ടറായി ചുമതലയേറ്റെടുത്തിന് ശേഷം എനിക്ക് വിശ്വാസമുണ്ടെന്ന് തോന്നിയ ഒരാളെ പിഎയുടെ ചുമതല കൂടി ഏല്‍പ്പിച്ചു. അതിന് ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന സമയത്ത് ഇയാള്‍ക്ക് പിഎയുടെ ചുമതല നല്‍കിയിട്ടുള്ള കാര്യവും അലവന്‍സ് നല്‍കുന്നത് വര്‍ധിപ്പിക്കുന്നതും കമ്മിറ്റിയില്‍ അവതരിപ്പിച്ചു. 2006ലാണ് അലവന്‍സ് നല്‍കാനുള്ള തീരുമാനം സാക്ഷരതാ മിഷനില്‍ ഉണ്ടായത്. അതിന് ശേഷം ഇത്രയും കാലത്തിന് ശേഷമാണ് അത് വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ധനകാര്യ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രതിനിധികളായുണ്ട്. ഒരുപാട് കാലം അലവന്‍സ് നല്‍കി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നാണ് അവര്‍ കമ്മിറ്റിയില്‍ പറഞ്ഞത്. അതിനാല്‍ നിയമിച്ച് മൂന്നുമാസം ആയതിനാല്‍ അത്രയും നാളത്തെ അലവന്‍സ് നല്‍കാമെന്നും ഡയറക്ടര്‍ക്ക് പിഎ യെ ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിലേക്ക് എഴുതാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു. 

ഇത്തരം സ്ഥാപനങ്ങളില്‍ ഡയറക്ടറുടെ പിഎ എന്നത് ഗസറ്റഡ് ഓഫീസര്‍ പോസ്റ്റാണ്. അങ്ങനെയൊരു തസ്‌കിത ഉണ്ടാക്കണം. അതിലേക്ക് ആളിനെ എടുക്കുന്നത് വരെ ഡെപ്യൂട്ടേഷനില്‍ ഒരാളെ വെക്കാം. അല്ലെങ്കില്‍ സ്ഥിരമായി ആളിനെ നിയമിക്കാം. പക്ഷെ സാക്ഷരതാ മിഷനില്‍ സ്ഥിരം തസ്തികകളൊന്നും തന്നെ ഇല്ല. പിഎ എന്നുപറയുന്ന തസ്തികയുമില്ല. 

അതുകൊണ്ട് നിലവിലെ ആളിന് തന്നെ പിഎയുടെ ചുമതലമാത്രം നല്‍കി അലവന്‍സ് കൊടുക്കാന്‍ സാധിക്കുമോയെന്ന് സര്‍ക്കാരിലേക്ക് എഴുതി ചോദിച്ചു. അതിന് മറുപടിയായി അലവന്‍സ് തുടരാന്‍ നിര്‍വാഹമില്ലെന്ന മറുപടി കത്ത് ലഭിച്ചു. ഇതാണ് ഉത്തരവെന്ന് പറഞ്ഞ് പ്രചരിച്ചത്. പിഎ തസ്തിക വേണമെങ്കില്‍ സര്‍ക്കാരിലേക്ക് എഴുതാനും നിര്‍ദ്ദേശിച്ചിരുന്നു. സാമ്പത്തിക ബാധ്യത അധികമാകുമെന്നതിനാല്‍ അങ്ങനെ ചെയ്യേണ്ടതില്ല എന്നാണ് ഞാന്‍ തീരുമാനിച്ചത്. 

ഇപ്പോള്‍ സാക്ഷരതാ മിഷനെപറ്റി ഇത്രയധികം വാര്‍ത്തകള്‍ വരുന്നതെന്തുകൊണ്ടാണ്?

അതുതന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. ഇതിനുമുമ്പ് എന്തുകൊണ്ടിങ്ങനെ ഉണ്ടായിട്ടില്ല. പോസിറ്റീവായ കാര്യങ്ങള്‍ ഒരുപാടുണ്ടായതില്‍ അസൂയ ഉള്ളവരാകാം ഇതിനൊക്കെ പിന്നിലുള്ളത്. സര്‍ക്കാരിന് എന്നെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടായിരുന്നുവെങ്കില്‍ എന്നെ എന്നേ മാറ്റിയേനെ. ഇത്രയും കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ അപമാനം സഹിച്ച് സര്‍ക്കാര്‍ വെച്ചുകൊണ്ടിരിക്കുമോ. ഇത്തരം വാര്‍ത്തകളൊക്കെ വരുമ്പോള്‍ ഉള്ളാല്‍ സന്തോഷിക്കുന്നവരുണ്ടാകും. അവര്‍ സന്തോഷിച്ചോട്ടെയെന്ന് ഞാനും വിചാരിക്കുന്നു. 

ഈ വിവാദമുണ്ടായ ജീവനക്കാരന്റെ സാക്ഷരതാ മിഷനിലെ ജോലി എന്താണ്?

പി. എ യുടെ ചുമതല അധികമായി ചെയ്തിരുന്നത് ഓഫീസ് അസിസ്റ്റന്റ് ആണ്. അറ്റന്‍ഡര്‍ അല്ല. അറ്റന്‍ഡര്‍ എന്നൊക്കെയാണ് വാര്‍ത്തകളില്‍ കണ്ടത്. ഓഫീസ് അറ്റന്‍ഡര്‍ പ്യൂണ്‍ ആണ്. ഓഫീസ് അസിസ്റ്റന്റാണ് ക്ലറിക്കല്‍ ജോലി ചെയ്യുന്നത്. ഓഫീസ് അസ്റ്റന്റ് എന്ന തസ്തികയിലാണ് ഇയാളുടെ കരാര്‍ പുതുക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ജോലികള്‍ അയാള്‍ക്കുണ്ട്. ഇതിന്റെ കൂടെ അധിക ചുമതലയായിട്ടാണ് പിഎയുടെ ചുമതല കൂടി നല്‍കിയത്. അതിന് ഇപ്പോള്‍ അലവന്‍സോ പണമോ ഒന്നും നല്‍കുന്നുമില്ല. 

അധിക സമയം ജോലി ചെയ്യുന്ന ആള്‍ക്ക് മണിക്കൂറിന് 250 രൂപ നിരക്കില്‍ അധികം തുക അനുവദിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം നേരത്തെയുള്ളതാണ്. അങ്ങനെ തുക അനുവദിക്കാന്‍ ഡയറക്ടറിന് വിവേചനാധികാരം ഉണ്ട്.  അങ്ങനെ പലരും ആ തുക എഴുതി വാങ്ങാറുമുണ്ട്. 

ഞാന്‍ ഓഫീസിലുള്ളപ്പോള്‍ എന്നെ സഹായിക്കുന്ന ജോലി ചെയ്തതിന് ശേഷമാണ് അയാള്‍ക്ക് ക്ലെറിക്കല്‍ ജോലി ചെയ്യാന്‍ സാധിക്കു. രാത്രി എട്ടുമണിക്കും ഒമ്പതുമണിക്കുമൊക്കെയാണ് ജോലി പൂര്‍ത്തിയാക്കി അയാള്‍ പോകുന്നത്. അങ്ങനെ അധിക സമയം ജോലിചെയ്യുന്നതിന് അവകാശപ്പെട്ട തുകപോലും എഴുതിയെടുക്കാന്‍ അയാള്‍ തയ്യാറായിട്ടില്ല. 

പിഎയുടെ തസ്തിക ഇല്ലായെന്ന് വ്യക്തമാക്കുമ്പോഴും സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വരുമ്പോള്‍ അതില്‍ പിഎ ടു ഡയറക്ടര്‍ എന്ന് പരാമര്‍ശിച്ചു കാണാറുണ്ട്?

പിഎ ടു ഡയറക്ടര്‍ എന്ന ചുമതല കൊടുത്തിരിക്കുന്നത് കൊണ്ട് അയാള്‍ക്ക് അതിന്റേതായ ഒരു ഫയല്‍ ഉണ്ട്. അതില്‍ ഈ ഉത്തരവുകളും തീരുമാനങ്ങളും സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം മാത്രമാണത്. അല്ലാതെ ഓഫീസ് അസിസ്റ്റന്റ് എന്ന് പറഞ്ഞ് ചെയ്യാന്‍ സാധിക്കില്ലല്ലോ. ഓഫീസ് അസിസ്റ്റന്റിന്റെ ചുമതല അല്ലല്ലോ അതൊന്നും. പക്ഷെ പിഎ യുടെ അധിക ചുമതല നിര്‍വഹിക്കുന്നതുകൊണ്ട് ആ ഫയല്‍ കൈകാര്യം ചെയ്യുന്നത് ഈ ഓഫീസ് അസിസ്റ്റന്റാണ്. സാക്ഷരതാ മിഷനില്‍ സ്ഥിരമായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല എന്നതാണ് വാസ്തവം. എല്ലാം കരാര്‍ നിയമനങ്ങള്‍ മാത്രമാണ്. 

റോജി എം ജോണ്‍ നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കാനുള്ള സാഹചര്യമെന്തായിരുന്നു?

നിങ്ങള്‍ കൊടുത്തതുപോലെയുള്ള വാര്‍ത്തകള്‍ നിരന്തരം വന്നതുകൊണ്ടായിരിക്കാം. ഒരു പത്രം എഴുതിയത് ബന്ധുവിനെ നിയമിച്ചുവെന്നാണ്. സത്യത്തില്‍ ഈ പി എയുടെ അധിക ചുമതലയുള്ള ഓഫീസ് അസിസ്റ്റന്റിനെ ഞാന്‍ കാണുന്നത് ഇവിടെ ചുമതലയേറ്റെടുത്തതിന് ശേഷമാണ്. ഇത്തരത്തില്‍ സാക്ഷരതാ മിഷനെതിരെ ധാരാളം വാര്‍ത്തകള്‍ വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയില്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്. അങ്ങനെ ചോദ്യം വന്നപ്പോള്‍ സത്യത്തില്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. കാരണം ഈ വിഷയത്തില്‍ യാഥാര്‍ഥ്യം നമുക്ക് വ്യക്തമാക്കാന്‍ അവസരം ലഭിക്കുകയാണല്ലോ. നിയമസഭയില്‍ കള്ളം പറയാന്‍ സാധിക്കില്ല. 

സാക്ഷരതാ മിഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഘടന എങ്ങനെയാണ്? ആരൊക്കെയാണ് അതില്‍ ഉള്‍പെട്ടിട്ടുള്ളത്?

13 പേരടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. അതിന്റെ ചെയര്‍മാന്‍ വിദ്യാഭ്യാസ മന്ത്രിയാണ്. വൈസ് ചെയര്‍മാന്‍ എന്നുപറയുന്നത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ്. അതിന്റെ സെക്രട്ടറിയാണ് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍. കമ്മിറ്റി അംഗങ്ങളായി തദ്ദേശ സ്വയംഭരണ വകുപ്പിലെയും ധനകാര്യ വകുപ്പിലെയും സെക്രട്ടറിമാര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ എന്നിവരാണ് ബാക്കിയുള്ളവര്‍. 

പിഎ നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ജീവനക്കാരന്‍ സാക്ഷരതാ മിഷനില്‍ എന്നുമുതലാണ് ജോലി ചെയ്തു തുടങ്ങിയത്? ഇയാള്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടായിരുന്നില്ല എന്നുള്ള ആക്ഷേപവും ഉയര്‍ന്നു കേട്ടിരുന്നു? ഇയാള്‍ക്ക് കംപ്യൂട്ടര്‍ പോലും ഉപയോഗിക്കാനറിയില്ല എന്നൊക്കെയാണ് അരോപണമുയര്‍ന്നത്?

2008 മുതലാണ് ഇയാള്‍ സാക്ഷരതാ മിഷനില്‍ എത്തിയത്. കഴിഞ്ഞ 13 വര്‍ഷമായി ഇയാള്‍ കരാര്‍ പുതുക്കി തുടരുന്നു. 2008ല്‍ ഓഫീസ് അസിസ്റ്റന്റുമാരെ നിയമിച്ച സമയത്ത് അന്ന് നിഷ്‌കര്‍ഷിച്ചിരുന്നത് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമായിരുന്നു. അന്ന് അതറിയുന്ന ആളിനെ തന്നെയാണ് എടുത്തിരുന്നത്. അങ്ങനെ 2008ല്‍ എടുത്തിട്ടുള്ള ഒരാളിന്റെ യോഗ്യത ഞാന്‍ പരിശോധിച്ച് നോക്കേണ്ടതില്ലല്ലോ. യോഗ്യതയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അന്ന് നിയമിച്ച ആളുകളാണ് അതിന് ഉത്തരവാദികള്‍. പക്ഷെ അയാള്‍ക്കൊരു കംപ്യൂട്ടറുമുണ്ട്. അതുപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്. 

ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ എങ്ങനെയാണ് കാണുന്നത്? വ്യക്തിപരമായ ആക്രമണമായാണോ അതോ സര്‍ക്കാരിനെതിരായ നീക്കമായാണോ?

സമ്പൂര്‍ണ സാക്ഷരത യജ്ഞം കേരളത്തില്‍ നടന്നതിന് ശേഷം ഏറ്റവും കൂടുതല്‍ ജനകീയമായ കാര്യങ്ങള്‍ സാക്ഷരതാ മിഷനില്‍ നടന്നത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ്. എന്റെയൊരു മിടുക്ക് ആയല്ല ഞാനത് പറയുന്നത്. ജനങ്ങള്‍ക്ക് വേണ്ടി അത്രയധികം ഈ സ്ഥാപനത്തെ ഉപയോഗിക്കാനാകുമെന്ന ബോധ്യം സര്‍ക്കാരിനും വിശേഷിച്ച് മുഖ്യമന്ത്രിക്കുമുണ്ടായിരുന്നു. നിരക്ഷരത പൂര്‍ണമായും ഇല്ലാതാക്കണം എന്നതുപോലെ സാമൂഹ്യ സാക്ഷരത നടപ്പിലാക്കുക എന്നതും മിഷന്റെ ലക്ഷ്യമായിരുന്നു. ആരോഗ്യ സാക്ഷരത, ജലസാക്ഷരത, ലിംഗസമത്വ ബോധനം അങ്ങനെ കുറേയേറെ കാര്യങ്ങള്‍ നമ്മള്‍ നടപ്പിലാക്കി. 

എല്ലാ ജില്ലകളിലെയും പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിച്ചു ചേര്‍ത്ത് പദ്ധതികള്‍ നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ നടത്തി. തീരദേശ മേഖലകളിലും ആദിവാസി ഊരുകളിലും, എസ്-എസ്ടി കോളനികളിലും ആദ്യമായി തുടര്‍ വിദ്യാഭ്യാസ പദ്ധതി തുടങ്ങിയത് കേരളത്തിലാണ്. ആദിവാസി ഊരുകളില്‍ ഏറ്റവും കൂടുതല്‍ സാക്ഷരത കൈവരിക്കപ്പെട്ടത് കഴിഞ്ഞ അഞ്ചുവര്‍ഷമാണ്. കണക്കുകളുണ്ട് ഇതിനൊക്കെ, ഞാന്‍ വെറുതെ പറയുന്നതല്ല. 

ഇങ്ങനെ സര്‍ക്കാരിന്റെ കൂടെ ഒരു ജനകീയ മുഖമായി സാക്ഷരതാ മിഷന്‍ മാറുന്ന ഒരു സാഹചര്യമുണ്ടായി. ഇത്രമാത്രം അംഗീകാരം ലഭിച്ചതിലുണ്ടായ അസ്വസ്ഥതയായാണ് ഞാന്‍ ഇതിനെ കാണുന്നത്. മാത്രമല്ല ഇത് വ്യക്തിപരമായ ആക്രമണം കൂടിയാണ്. ഞാനൊരു കോളേജ് അധ്യാപികയായി തുടരുകയായിരുന്നുവെങ്കില്‍ ഇങ്ങനെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതുകൊണ്ടാണ് ഇത്തരം അധിക്ഷേപങ്ങളുണ്ടാകുന്നത്. സാക്ഷരതാ മിഷനെതിരെ ചിന്തിക്കുക എന്ന് പറഞ്ഞാല്‍ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകള്‍ക്കെതിരെ ചിന്തിക്കുക എന്നാണര്‍ഥം. അത്രയ്ക്കും പാവങ്ങള്‍ക്കിടയിലേക്കാണ് നമ്മള്‍ പോകുന്നത്. 

മത്സ്യവില്‍പ്പനയ്ക്ക് പോകുന്ന സ്ത്രീകള്‍ തങ്ങളുടെ ജോലിക്ക് ശേഷം വന്ന് രാത്രി 10 മണിവരെ സാക്ഷരതാ മിഷന്റെ ക്ലാസുകളില്‍ പങ്കെടുക്കുന്നു. അത്തരമൊരു സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല. ഇതൊക്കെ ആയിരിക്കാം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതിന്റെ കാരണമെന്ന് കരുതുന്നു. ഇതിന് പിന്നിലും രാഷ്ട്രീയമുണ്ടെങ്കില്‍ അത് പാവങ്ങള്‍ക്കെതിരായ രാഷ്ട്രീയവുമാണ്.

സ്ത്രീയെന്ന നിലയില്‍ നേരിടുന്ന പ്രശ്‌നമായി ഇതിനെ കാണുന്നുണ്ടോ? 

സ്ത്രീകളും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരും ഏതൊക്കെ അധികാര സ്ഥാനത്ത് എത്തിയാലും അവിടെയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ കാണാന്‍ സാധിക്കും. ചിലത് ഇതുപോലെ പുറത്തുവന്നിട്ടുണ്ടാകാം. മറ്റുചിലതൊക്കെ ആഭ്യന്തര പ്രശ്‌നങ്ങളാകാം. ഇപ്പോഴത്തെ ആരോപണങ്ങളില്‍ അത്തരമൊരു ഘടകമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ധാരാളം ഫണ്ട് ലഭിക്കുന്ന കടലാസില്‍ മാത്രമുള്ള എത്രയോ സ്ഥാപനങ്ങളുണ്ട്. അവരെന്ത് ചെയ്യുന്നുവെന്ന് ആരുമെന്താ അന്വേഷിക്കാത്തത്. 2016ന് മുമ്പുള്ള എജി ഓഡിറ്റിങ്ങിലെ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി നല്‍കാന്‍ സാക്ഷരതാ മിഷന് സാധിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ ചുമതല ഏറ്റെടുത്തതിന് ശേഷം 2016 മുതല്‍ 2020 വരെയുള്ള നാല് സാമ്പത്തിക വര്‍ഷത്തേയും എജി ഓഡിറ്റിങ്ങില്‍ ഒരു സാമ്പത്തിക ആരോപണം പോലും ഉണ്ടായിട്ടില്ല. 

ഡയറക്ടറിന് ഉപയോഗിക്കാനുള്ള കാര്‍ കാലപ്പഴക്കം മൂലം ചോരുന്ന സാഹചര്യമുണ്ടായപ്പോള്‍ പുതിയത് വാങ്ങുന്നതിന് പകരം അത് അറ്റകുറ്റപ്പണി ചെയ്താല്‍ മതിയെന്നായിരുന്നു എന്റെ തീരുമാനം. ഇതിനായി പത്രപ്പരസ്യം കൊടുത്തപ്പോഴാണ് എനിക്കെതിരെ ആദ്യത്തെ ആരോപണമുയര്‍ന്നത്. പുതിയ വാഹനം വാങ്ങാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിര്‍ദ്ദേശിച്ചതാണ്. ഇതൊക്കെ മിനിട്ട്‌സിലുണ്ട്. എന്നാല്‍ പുതിയ വാഹനം വേണ്ട ഉള്ളത് അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്നായിരുന്നു എന്റെ തീരുമാനം. അപ്പോള്‍ ഉയര്‍ന്ന് വന്നത് കേരളം പ്രളയക്കെടുതി അനുഭവിക്കുമ്പോള്‍ 10 ലക്ഷത്തിന് കാര്‍ വാങ്ങാന്‍ പോകുന്നുവെന്നായിരുന്നു. ഇതൊക്കെ ഓഡിറ്റിങ്ങിന് വിധേയമായിരുന്നതാണ്.

Content Highlights: Controversies are baseless and arised due to intolerence on success of literacy mission