ഷൊര്‍ണ്ണൂര്‍: ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് സിപിഎം നയമെന്ന പ്രസ്താവനയില്‍ തിരുത്തലുമായി പി.കെ.ശശി എം.എല്‍.എ. ആ പ്രസ്താവന തനിക്കു വന്ന നാക്കുപിഴയായിരുന്നുവെന്നും ശശി വിശദീകരിച്ചു.
'മാധ്യമവാര്‍ത്ത അതിശയോക്തിപരമാണ്. വാര്‍ത്തകള്‍ തന്നെ അതിശയിപ്പിച്ചു. പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം നല്‍കുന്നതിന് വേണ്ടിയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. തനിക്ക് നാക്കുപിഴ സംഭവിച്ചു. അതില്‍ ദുഃഖമുണ്ട്. പാര്‍ട്ടിക്ക് പ്രതികാരപരമായ ഒരു നയവും ഇല്ല.' പി.കെ.ശശി പറഞ്ഞു.
സിപിഎമ്മിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും യാതൊരു പ്രതികാര ബുദ്ധിയുമില്ല. എല്ലാ സംഭവങ്ങളേയും വളരെ ക്ഷമയോടുകൂടി നോക്കികാണുകയും വിവേകപൂര്‍വ്വമായി ഇടപെടുകയും ചെയ്യുന്നവരാണ് തങ്ങളെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
പാര്‍ട്ടി ഓഫീസില്‍നിന്ന് പോകുന്ന വഴിക്കുവെച്ച് ചില പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വന്നിരുന്നു. മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകരായ കുറച്ചു പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ വന്നിട്ടുണ്ടെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആള്‍ക്കൂട്ടമുണ്ടെങ്കില്‍ താന്‍ വരില്ലെന്നും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണമെന്നും താന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
അങ്ങനെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ശശി പ്രതികരിച്ചു. 14 പേര്‍ മാത്രമേ യോഗത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ എണ്ണി നോക്കിയിരുന്നു. ഒന്നര മിനിറ്റ് മാത്രമാണ് അവിടെ നിന്നത്. നിരോധനാജ്ഞ ലംഘനവും നടത്തിയിട്ടില്ല. പെരുന്നാള്‍ ദിവസം നിരോധനാജ്ഞ ഇല്ലായിരുന്നു.' എംഎല്‍എ പറഞ്ഞു.
പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവരോടായിരുന്നു ശശി വിവാദ പ്രസ്താവന നടത്തിയത്. 'പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ്ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്' ഇതായിരുന്നു പി.കെ.ശശിയുടെ വിവാദ പ്രസ്താവന.
അമ്പതോളം പേര്‍ മുസ്ലിം ലീഗില്‍ നിന്ന് സിപിഎമ്മില്‍ ചേരാനെത്തിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തതും വിവാദമായിരുന്നു. ഇക്കാര്യത്തിലാണ് പി.കെ.ശശി വിശദീകരണവുമായി രംഗത്തെത്തിയത്.
Content Highlights: Controversial statement-cpm policy- PK Sasi MLA with explanation