ജലീല്‍ നിയമസഭാംഗത്തിന്റെ പെരുമാറ്റച്ചട്ടവും ലംഘിച്ചു; അതിരുവിട്ടെന്ന് സിപിഎമ്മിനും ബോധ്യം


ബിജു പരവത്ത്

കെ.ടി.ജലീൽ മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: കശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കെ.ടി. ജലീല്‍, എം.എല്‍.എ. എന്ന നിലയിലും പെരുമാറ്റച്ചട്ടം ലംഘിച്ചു. ജലീലിനെതിരേ പരാതി വന്നാല്‍ സ്പീക്കര്‍ക്ക് നേരിട്ട് നടപടിയെടുക്കാം. അല്ലെങ്കില്‍ പരാതി അവകാശലംഘനവും പെരുമാറ്റച്ചട്ടവും സംബന്ധിച്ച സമിതിയുടെ പരിഗണനയ്ക്ക് വിടാം.

അംഗങ്ങള്‍ ഉന്നത ധാര്‍മികനിലവാരവും അന്തസ്സും മാന്യതയും പുലര്‍ത്തണമെന്നാണ് പൊതുവായ ചട്ടം. നിയമസഭാ സമിതികളുടെ യാത്രകള്‍ക്ക് ബാധകമായ ചട്ടങ്ങളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ ആക്ഷേപകരവും വിമര്‍ശനം ഉയരുന്നതുമായ കാര്യങ്ങളില്‍ അംഗങ്ങള്‍ വ്യാപരിക്കരുത്. എന്നാല്‍ പ്രവാസിക്ഷേമസമിതിയുടെ യാത്രയ്ക്കിടെയാണ് ജലീല്‍ കശ്മീരിനെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയത്.

ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്ക് ആദരം വേണം, രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും ചോദ്യം ചെയ്യാന്‍ പാടില്ല എന്നീ ചട്ടങ്ങളുടെ ലംഘനമായും ജലീലിന്റെ പ്രവൃത്തി കണക്കാക്കപ്പെടാം. അംഗം കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാല്‍ പലതലത്തിലുള്ള ശാസനകള്‍മുതല്‍ സസ്‌പെന്‍ഷനും അംഗത്വം പിന്‍വലിക്കുന്നതും അടക്കമുള്ള നടപടികള്‍ കൈക്കൊള്ളാം.

മിണ്ടാതെ സി.പി.എമ്മും മുഖ്യമന്ത്രിയും

കെ.ടി. ജലീലിന്റെ 'ആസാദി കശ്മീര്‍' പരാമര്‍ശത്തില്‍ കടുത്ത വിയോജിപ്പ് പുലര്‍ത്തുമ്പോഴും അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറയാതെ സി.പി.എം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടില്ല. ഇതാണ് കോണ്‍ഗ്രസും ബി.ജെ.പി.യും രാഷ്ട്രീയ ആയുധമാക്കുന്നത്. പലകാര്യങ്ങളിലും ചാടിയിറങ്ങി പോരുനടത്തുന്ന സ്വയംപ്രഖ്യാപിത രാഷ്ട്രീയപ്പോരാളിയാണ് ജലീല്‍. സ്വതന്ത്രപരിവേഷം നല്‍കി ഇതിനോട് പലപ്പോഴും സി.പി.എം. കണ്ണടച്ചിട്ടുണ്ട്.

ലോകായുക്തയ്ക്കും ജസ്റ്റിസ് സിറിയക് ജോസഫിനുമെതിരേ അദ്ദേഹം പോരിനിറങ്ങിയപ്പോള്‍, പാര്‍ട്ടി കാഴ്ചക്കാരന്റെ റോളിലാണ് നിന്നത്. എന്നാല്‍, എ.ആര്‍. നഗര്‍ സഹകരണബാങ്കിലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം എത്തിക്കാനും മാധ്യമം ദിനപത്രത്തിന് നിരോധനം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി. പക്ഷേ, വലിയ പരിക്കില്ലാതെ രക്ഷയൊരുക്കാനുള്ള കവചം അപ്പോഴും ജലിലിന് ലഭിച്ചിരുന്നു.

ഇപ്പോഴത്തെ നടപടി അതിരുവിട്ടുപോയെന്ന ബോധ്യം സി.പി.എമ്മിനുണ്ട്. അതുകൊണ്ടാണ് തിരുത്താന്‍ നിര്‍ദേശിച്ചത്. തിരുത്തിയിട്ടും തീരാത്തവിധം 'ആസാദി കശ്മീര്‍' പരാമര്‍ശം മാറുന്നുവെന്നതാണ് സി.പി.എമ്മിനുണ്ടാക്കുന്ന തലവേദന. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ പരാമര്‍ശം നാട്ടില്‍ കലാപത്തിന് വഴിയൊരുക്കുന്നതാണെന്നു കണ്ടെത്തിയാണ് കെ.ടി. ജലീല്‍ പോലീസില്‍ പരാതിനല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.

ജലീല്‍ ഉയര്‍ത്തിയ അതേവാദം, മറ്റൊരുരീതിയില്‍ ജലീലിനെതിരേ ഇപ്പോള്‍ ബി.ജെ.പി. കശ്മീര്‍ഘടകം ഉയര്‍ത്തിയെന്നതാണ് ശ്രദ്ധേയം. ജലീലിന്റെ 'ആസാദി കശ്മീര്‍' പരാമര്‍ശം കശ്മീര്‍ ജനതയില്‍ വിഭാഗീയത സൃഷ്ടിക്കുന്നതാണെന്ന വാദമാണ് ബി.ജെ.പി. ഉന്നയിക്കുന്നത്.

കേന്ദ്രഭരണപ്രദേശമാണ് കശ്മീര്‍. കശ്മീരില്‍നിന്നാണ് ജലീല്‍ കശ്മീരിനെക്കുറിച്ച് രാജ്യവിരുദ്ധമായ പ്രസ്താവന നടത്തിയത്. അതിനാല്‍, ബി.ജെ.പി. കശ്മീര്‍ഘടകം ജലീലിനെതിരേ നിന്നാല്‍, അവിടെ അദ്ദേഹത്തിനെതിരേ കേസെടുക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനുപുറമേയാണ് ഡല്‍ഹി പോലീസ് കേസെടുത്തത്.

നിയമസഭാ സമിതിയുടെ പരിപാടികള്‍ അവസാനിക്കുന്നതിനുമുമ്പ് ഡല്‍ഹിയില്‍നിന്ന് അദ്ദേഹം മടങ്ങിയതിലും ഈ സംശയം ഒരു കാരണമാണെന്നാണ് സൂചന. പാര്‍ട്ടി ജലീലിനൊപ്പമില്ലെന്ന് മുതിര്‍ന്ന സി.പി.എം. നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. കശ്മീരിനെയും ഇന്ത്യയെയുംകുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഇ.പി. ജയരാജനും മന്ത്രി എം.വി. ഗോവിന്ദനും വിശദീകരിച്ചതാണ്.

ജലീലിന്റെ നിലപാടല്ല പാര്‍ട്ടിയുടേതെന്ന് പരോക്ഷമായെങ്കിലും ബോധ്യപ്പെടുത്താനാണ് ഈ നേതാക്കള്‍ ശ്രമിച്ചത്. ജലീലടക്കം കശ്മീര്‍ സന്ദര്‍ശിച്ച നിയമസഭാസമിതിയുടെ അധ്യക്ഷനായ എ.സി. മൊയ്തീനും 'ഗ്രൗണ്ട് റിയാലിറ്റി' ബോധ്യപ്പെട്ടതിനാല്‍ ജലീലിനൊപ്പംനിന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയാണ് പാര്‍ട്ടിയുടെ നിലപാടെന്ന നയപരമായ വിശദീകരണം നല്‍കിയാണ് എ.സി. മൊയ്തീന്‍, ജലീല്‍തീര്‍ത്ത പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചത്.

Content Highlights: controversial remark kt jaleel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented