കൊച്ചി: പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായിരുന്ന അഡ്വ. രാജേഷ് കേരള ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി അംഗം. ശുപാര്‍ശ ചെയ്യപ്പെട്ട അംഗമെന്ന നിലയിലാണ് മാസങ്ങള്‍ക്ക് മുമ്പ് രാജേഷ് അച്ചടക്ക സമിതിയിലെത്തിയത്. വാളയാര്‍ കേസില്‍ പ്രതികളുടെ അഭിഭാഷകനായിരുന്ന രാജേഷിനെ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനാക്കിയ സര്‍ക്കാര്‍ നടപടി വിവാദത്തിനിടയാക്കിയിരുന്നു. 

സംസ്ഥാനത്തെ അഭിഭാഷകരുടെ ഏറ്റവും സുപ്രധാനമായ സമിതിയാണ് ബാര്‍ കൗണ്‍സില്‍. ഇതിന്റെ അച്ചടക്ക സമിതിയിലേക്കാണ് രാജേഷ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരെ വിളിച്ചുവരുത്തുവാനും അവരില്‍ നിന്ന് തെളിവ് ശേഖരിക്കുന്നതിനും ഒക്കെ അംഗീകാരമുള്ള സമിതിയിലാണ് രാജേഷ് എത്തിയിരിക്കുന്നത്. 

ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിയില്‍ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ട് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയും ഒരാളെ നാമനിര്‍ദ്ദേശം ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നാമനിര്‍ദ്ദേശത്തിലൂടെ അച്ചടക്ക സമിതി അംഗമായിരിക്കുകയാണ് രാജേഷ്. സര്‍ക്കാരില്‍ എത്രത്തോളം രാജേഷിന് സ്വാധീമുണ്ടെന്നതിന് തെളിവാണ് ഇത്. 

ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ തീരുമാനത്തിനെതിരെ പിന്നീട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അപ്പീല്‍ നല്‍കാനെ സാധിക്കു. ഇവിടെ അപ്പീല്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് വഴി.

Content highlights: controversial lawyer in the Walayar case; nominated to   Bar council's disciplinary committee