ജർമൻ കണ്ടെയ്നർ ക്രെയിൻ
ബേപ്പൂര്‍: രണ്ടരവര്‍ഷത്തിനുശേഷം ബേപ്പൂര്‍ തുറമുഖത്തേക്ക് ചരക്കുമായി വീണ്ടും കണ്ടെയ്നര്‍ കപ്പല്‍ വരുന്നു. സംസ്ഥാന തുറമുഖങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കേരള മാരിടൈംബോര്‍ഡും മുംബൈ ആസ്ഥാനമായുള്ള ദ റൗണ്ട് കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും ഈ മാസാദ്യം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കണ്ടെയ്നര്‍ കപ്പല്‍ ഗതാഗതത്തിന് വഴിതുറന്നത്.
'ദ റൗണ്ട് കോസ്റ്റ്' കമ്പനിയുടെ ഹോപ്പ്-7 എന്ന കണ്ടെയ്നര്‍ കപ്പലാണ് ബേപ്പൂരിലെത്തുക. ഗോവയില്‍നിന്ന് മംഗളൂരു തുറമുഖം വഴി കൊച്ചിയില്‍ എത്തുന്ന കണ്ടെയ്നര്‍ കപ്പല്‍ ഈമാസം അവസാനമോ ജൂലായ് ആദ്യവാരമോ ബേപ്പൂരില്‍ എത്തും. 106 ടി.ഇ.യു. കണ്ടെയ്നര്‍ ശേഷിയുള്ള ഹോപ്പ്-7 നേരത്തേ മഹാരാഷ്ട്രയിലെ ചൗഗ്ളെ ഷിപ്പിങ് കമ്പനിയുടേതായിരുന്നു. പിന്നീട് പുനര്‍നാമകരണം ചെയ്താണ് ഹോപ്പ്-7 ആയത്. വിദേശരാജ്യങ്ങളില്‍ നിന്നും രാജ്യത്തെ മറ്റ് തുറമുഖങ്ങളില്‍ നിന്നും ചരക്കുമായി പതിവായി മലബാര്‍ തുറമുഖത്തെത്താനാണ് ഹോപ്പ്-7 ലക്ഷ്യമിടുന്നത്.
കയറ്റിറക്കു വ്യാപാരികള്‍ ചെലവ് കുറഞ്ഞ കടല്‍മാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. അപകടകരമായ ഉത്പന്നങ്ങളുടെ ചരക്കുനീക്കം റോഡ് വഴി ആകുമ്പോള്‍ പലപ്പോഴുമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനും കണ്ടെയ്നര്‍ കപ്പല്‍ വഴിയുള്ള ചരക്കുനീക്കംകൊണ്ട് കഴിയും. ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ്, കസ്റ്റംസ്, എഫ്.ആര്.ആര്.ഒ., പോര്‍ട്ട് തുടങ്ങിയ വിഭാഗങ്ങളില്‍നിന്നും വിവിധ വിഷയങ്ങളിലെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചശേഷമാണ് കണ്ടെയ്നര്‍ കപ്പലുകള്‍ സര്‍വീസ് നടത്തുന്നത്. മറ്റു ചരക്കുകപ്പലുകളെക്കാള് കണ്ടെയ്നര്‍ കപ്പലില്‍നിന്നുള്ള ചരക്ക് ഇറക്കല്‍ അത്യന്തം സുഗമമാണ്. 17 കോടി ചെലവില്‍ ബേപ്പൂര്‍ തുറമുഖത്ത് നാലുവര്‍ഷം മുമ്പ് സജ്ജമാക്കിയ ജര്‍മന്‍ കണ്ടെയ്നര്‍ ക്രെയിന്‍ വഴിയാണ് കണ്ടെയ്നര്‍ കപ്പലില്‍ നിന്നും ചരക്കിറക്കുക.
ആദ്യമെത്തിയത് 'എം.വി. കരുതല്‍'
ബേപ്പൂരില്‍ ആദ്യമായി എത്തിയ കണ്ടെയ്നര്‍ കപ്പല്‍ ട്രാന്‍സ് ഏഷ്യ ഷിപ്പിങ് സര്‍വീസസിന്റെ 'എം.വി. കരുതല്‍'. 2013 മാര്‍ച്ച് 16 -ന് ആണ് കൊച്ചിയിലെ 'സെഞ്ചുറി' കപ്പല്‍ ശാലയില്‍ പണിത ഈ കണ്ടെയിനര്‍ കപ്പല്‍ പരീക്ഷണാര്‍ഥം ബേപ്പൂര്‍ തുറമുഖത്തെത്തിയത്. 67-68 മീറ്റര്‍ നീളവും 12.8 മീറ്റര്‍ വീതിയുമുള്ള കപ്പലിന് 1600 ടണ്‍വരെ കേവുഭാരം വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. 2017 മുതല്‍ ഈ കപ്പല്‍ തുറമുഖത്ത് ചരക്കുമായെത്തി തുടങ്ങി. രണ്ടുവര്‍ഷത്തോളം 'ഗ്രേറ്റ് സീ വെമ്പനാട്' എന്ന കണ്ടെയ്നര്‍ കപ്പലും ബേപ്പൂരിലും ചരക്കുമായി എത്തിയിരുന്നു.
കോഴിക്കോട്ടെ സെയ്ന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന കൊച്ചി സ്വദേശിയായ ജോണ്സണ് കെ. മാത്യുവാണ് പില്ക്കാലത്ത് ട്രാന്‍സ് ഏഷ്യ ഷിപ്പിങ് സര്‍വീസസ് എന്ന കപ്പല്‍ കമ്പനി ഉടമയായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..