കൊച്ചി: പുതുവത്സരാഘോഷത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്ലെറ്റില്‍ വിറ്റത് 1.2 കോടിയുടെ മദ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മദ്യവില്പന ശാല പ്രതിദിനം ഒരു കോടിയിലധികം രൂപയുടെ വില്പന നടത്തുന്നത്. ഇതോടെ ഏറ്റവും അധികം വില്പന നടത്തിയ ഔട്ട്ലെറ്റെന്ന റെക്കോഡിന് വൈറ്റില പ്രീമിയം ഔട്ട്ലെറ്റിന് സ്വന്തമായി.
ബിവറേജസ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യവില്പന ശാലകളില്‍ എറണാകുളം ജില്ലയിലെ ഗാന്ധിനഗര്‍ പ്രീമിയം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 48.65 ലക്ഷം രൂപയുടെ മദ്യവില്പനയാണ് ഇവിടെ നടന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്ലെറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണ്.
ഉത്രാടത്തലേന്ന് നടന്ന മദ്യവില്പനയിലും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളെ തോല്പിച്ച് കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രീമിയം ഔട്ട്ലെറ്റ് ഒന്നാമതെത്തിയിരുന്നു. 38 ലക്ഷം രൂപയുടെ മദ്യമാണ് അന്ന് വിറ്റത്.
ഓണക്കാല റെക്കോഡുകളെ തകിടം മറിച്ചായിരുന്നു ഇത്തവണ മദ്യവില്പന നടന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ലിക്കര്‍ ഷോപ്പുകളിലും 3 ബിയര്‍ ഷോപ്പുകളിലുമായി 11.36 കോടിയുടെ വില്പന നടന്നു.
അതേസമയം 23 വെയര്‍ഹൗസും 270 വിദേശ മദ്യഷോപ്പുമുള്ള ബിവറേജസ് കോര്‍പ്പറേഷനില്‍ വര്‍ഷാവസാന ദിവസം 59.03 കോടി രൂപയുടെ വില്പന നടന്നു. കഴിഞ്ഞ പുതുവത്സര തലേന്ന് ഇത് 54.30 കോടിയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..