.jpg?$p=b4643a5&f=16x10&w=856&q=0.8)
പി.ടി. തോമസും ഭാര്യ ഉമയും| ഫോട്ടോ : ടി.കെ. പ്രദീപ് കുമാർ/ മാതൃഭൂമി
കൊച്ചി: തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനു നല്കിയ പട്ടികയില്‍ ഓരേയൊരു പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്തരിച്ച് എംഎല്‍എ പി.ടി. തോമസിന്റെ പത്നി ഉമ തോമസിന്റേത്. പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധമാണ് ഉമയിലേക്ക് മാത്രം സ്ഥാനാര്‍ഥി ചര്‍ച്ചകളെ ഒതുക്കിയതെന്ന് നേതൃത്വത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്. ഒപ്പം മുന്‍ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരത്തിന് ഇറങ്ങുന്നതോടെ തൃക്കാക്കര പിടിക്കാം എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
ബി.എസ്.സി. സുവോളജി ബിരുദധാരിയായ ഉമ തോമസ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ അസി.മാനേജരാണ്. 1980- 85 കാലയളവില്‍ എറണാകുളം മഹാരാജാസില്‍ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കിയ ഉമ 82-ല്‍ കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിന്റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ചു. 84-ല്‍ കെ.എസ്.യു.വിന്റെ പാനലില്‍ വൈസ് ചെയര്മാന് ആയി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി. തോമസിന്റെ ജീവിത സഖിയായി പില്ക്കാലത്ത് മാറി.
.jpg?$p=8a6554b&w=610&q=0.8)
പി.ടി. തോമസ് കെ.എസ്.യു.വിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ മഹാരാജാസ് കോളേജില്‍ സംഘടനയുടെ സജീവപ്രവര്‍ത്തകയായിരുന്നു ഉമ. അപ്പോഴേക്കും പി.ടി. മഹാരാജാസ് വിട്ട് ലോ കോളേജില്‍ എത്തിയിരുന്നെങ്കിലും മഹാരാജാസുമായുള്ള ബന്ധം വിട്ടിരുന്നില്ല. സംഘടനാപ്രവര്‍ത്തനം രണ്ടുപേരെയും അടുപ്പിക്കുകയായിരുന്നു. 1987 ജൂലൈ 9 നായിരുന്നു ഉമ- പി.ടി തോമസ് വിവാഹം. മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചാണ് എതിര്‍പ്പുകളെ അതിജീവിച്ച് ഇവര്‍ വിവാഹിതരായത്.
മഹാരാജാസില്‍ ബിരുദാനന്തരബിരുദ പഠനംകഴിഞ്ഞ് ലോ കോളേജില്‍ ചേര്‍ന്നെങ്കിലും പി.ടി. തോമസ് മഹാരാജാസില്‍ പതിവു സന്ദര്‍ശകനായിരുന്നു. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു അപ്പോള്‍ അദ്ദേഹം. അവിടെവെച്ചാണ് രവിപുരത്തുകാരിയായ പ്രീഡിഗ്രിക്ക് പഠിക്കുന്ന ഉമയെ ആദ്യമായി കാണുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ രൂപപ്പെട്ട സൗഹൃദമാണ് പ്രണയത്തിലെത്തിയത്.
.jpg?$p=8384990&w=610&q=0.8)
ബിരുദപഠനം കഴിഞ്ഞ് ഉമ രാജഗിരി കോളേജില്‍ എം.എസ്.ഡബ്ല്യുവിന് ചേര്‍ന്നു. ആ കാലത്താണ് പ്രണയം വീട്ടിലറിഞ്ഞതും ഉമയുടെ വീട്ടില്‍നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതും. ഉമയുടെ വീട്ടുകാരോട് പി.ടി. കാര്യം സംസാരിച്ചെങ്കിലും പിന്മാറണമെന്ന അഭ്യര്ഥനയാണുണ്ടായത്. ഉമയ്ക്ക് വിവാഹാലോചനകള്‍ തുടങ്ങിയതോടെ ഇരുവീട്ടുകാരുമറിയാതെ രഹസ്യമായി വിവാഹിതരായി. ഉമയെ ബന്ധുക്കള്‍ മുബൈയിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ പി.ടി. സ്വന്തം വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് വീട്ടുകാരറിയാതെ ഉമ അദ്ദേഹത്തിനൊപ്പം ഇറങ്ങി പോരുന്നത്.
ക്രിസ്ത്യന്‍ കുടുംബാംഗമായ പി.ടി. തോമസും ബ്രാഹ്മണ കുടുംബാംഗമായ ഉമയും മൂന്ന് പതിറ്റാണ്ടിലധികം ഒരുമിച്ചു ജീവിച്ചപ്പോള്‍ അവര്‍ക്കിടയില്‍ പള്ളിയും അമ്പലവുമൊന്നും ചര്‍ച്ചാവിഷയമേ ആയിരുന്നില്ല. വിഷ്ണു തോമസ്, വിവേക് തോമസ് എന്നിങ്ങനെ മക്കളുടെ പേരില്‍ത്തന്നെയുണ്ട് ജാതി-മത രഹിത ജീവിതത്തിന്റെ സാക്ഷ്യം. മക്കളായ വിഷ്ണു തോമസും വിവേക് തോമസും മതത്തിന്റേതായ യാതൊരു നിയന്ത്രണങ്ങളിലുമല്ല വളര്‍ന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..