രാഹുൽ ഗാന്ധി,എസ്എഫ്ഐ പ്രവർത്തകർത്ത് അടിച്ചു തകർത്ത വയനാട്ടിലെ അദ്ദേഹത്തിന്റെ ഓഫീസ്
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെ നടന്ന എസ്എഫ്ഐ ആക്രമണം മോദിയെയും സംഘപരിവാറിനെയും സുഖിപ്പിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ്. ഭരണകക്ഷി നടത്തുന്ന രണ്ടാമത്തെ കലാപ ആഹ്വാനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആരോപിച്ചു.
മുഖ്യമന്ത്രിയെ കൊല്ലാന്‍ രണ്ടുകുട്ടികള്‍ ശ്രമിച്ചുവെന്ന് ആദ്യം വ്യാപക പ്രചാരണം നടത്തി. കേരളത്തിലെ മുഴുവന്‍ ക്രിമിനലുകളേയും അഴിച്ചുവിട്ട് ഞങ്ങളുടെ ഓഫീസുകള്‍ തകര്‍ത്തു. കെപിസിസി ഓഫീസടക്കം അക്രമിച്ചു. ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി. ഇത് രണ്ടാത്തേതാണ്. സംഘപരിവാര്‍ ശക്തികള്‍ രാഹുലിനെ നിരന്തരം വേട്ടയാടുന്ന സന്ദര്‍ഭത്തില്‍ അതിന് ചൂട്ടുപിടിച്ച് കൊടുക്കുകയാണ് കേരളത്തില്‍ സിപിഎം. ആസൂത്രിതമായി നടത്തുന്ന കാര്യങ്ങളാണിതൊക്കെ. സ്വര്‍ണക്കടത്ത് കേസിലകപ്പെട്ട കേരളത്തിലെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സംഘപരിവാര്‍ നേതൃത്വത്തെ സുഖിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുലിന്റെ ഓഫീസ് തകര്‍ത്തതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. ബിജെപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ സിപിഎമ്മിന് പല അജണ്ടകളുമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിനെ സന്തോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്കുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു. അതിനുവേണ്ടിയാകാം അക്രമം നടത്തിയത്. നഗ്നമായ താണ്ഡവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഈ മാസം 30-ന് വയനാട്ടിലെത്തും. ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, തിയതികളില്‍ രാഹുല്‍ വയനാട് ലോക്സഭാ മണ്ഡലത്തിലുണ്ടാകും. ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലല്ല രാഹുലിന്റെ സന്ദര്‍ശനം. മുന്‍പേ നിശ്ചയിച്ചതാണത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..