തിരഞ്ഞെടുപ്പിനുശേഷം എൽ.ഡി.എഫ്. നേതാക്കൾക്കൊപ്പം പഞ്ചായത്ത് ഓഫീസിൽനിന്ന് പ്രകടനത്തിനായി പുറത്തേക്കിറങ്ങുന്ന വി.കെ.ജ്യോതി
കൊട്ടാരക്കര:അവസാനനിമിഷംവരെ നാടകീയത നിറഞ്ഞ അന്തരീക്ഷത്തിൽ ഇടതുമുന്നണിയുടെ പിന്തുണയോടെ കോൺഗ്രസ് വിമതയും പുല്ലാമല വാർഡ് അംഗവുമായ വി.കെ.ജ്യോതി നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. ബി.ജെ.പി. സ്ഥാനാർഥി ശ്രീസായി സന്തോഷ്‌കുമാറിന് ഏഴും വി.കെ.ജ്യോതിക്ക് എട്ടും വോട്ടുകൾ ലഭിച്ചു. മുൻ പ്രസിഡന്റും സ്വതന്ത്രയുമായ ആർ.സത്യഭാമ വോട്ട് അസാധുവാക്കിയതും നിർണായകമായി.
കോൺഗ്രസ് വിപ്പ് നൽകിയ രണ്ട് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ബി.ജെ.പി.യുടെ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തെന്ന പേരിൽ കോൺഗ്രസ് അകറ്റിനിർത്തിയിരിക്കുന്ന യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് വി.കെ.ജ്യോതി, എ.സൂസമ്മ, ജലജകുമാരി, കേരള കോൺഗ്രസ് (ജേക്കബ്) അംഗം ആർ.രാജശേഖരൻ പിള്ള എന്നിവരിൽനിന്നാണ് വി.കെ.ജ്യോതിയെ സ്ഥാനാർഥിയാക്കിയത്. . ബി.ജെ.പി. അധികാരത്തിലെത്തുന്നതു തടയാൻ വി.കെ.ജ്യോതിക്കു പിന്തുണനൽകാൻ അവസാനനിമിഷമാണ് നേതൃത്വം തീരുമാനിച്ചത്.
ഇടതിന്റെ നാലും അനൗദ്യോഗിക യു.ഡി.എഫിന്റെ നാലും വോട്ടുകൾ ജ്യോതിക്കു ലഭിച്ചു.കോൺഗ്രസിലെ എൻ.ജയചന്ദ്രൻ, രമണി വർഗീസ് എന്നിവർ പാർട്ടിതീരുമാനപ്രകാരം വിട്ടുനിന്നു. പുറത്തിറങ്ങിയ വി.കെ.ജ്യോതിയെ സ്വീകരിക്കാനും പ്രകടനം നടത്താനും എൽ.ഡി.എഫിന്റെ പ്രാദേശിക നേതാക്കളെല്ലാം എത്തി . വി.കെ.ജ്യോതി, സൂസമ്മ എന്നിവർ സി.പി.എമ്മിൽ ചേരാൻ ധാരണയായെന്നും നേതാക്കൾ പറയുന്നു. എന്നാൽ വിമതർക്കെതിരേ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകുമെന്നും മൂന്നുപേരും അയോഗ്യരാകുമെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. രാഷ്ട്രീയ ധാർമികതയ്ക്കു നിരക്കാത്ത കൂട്ടുകെട്ടാണ് രൂപപ്പെട്ടതെന്നു ബി.ജെ.പി. വിമർശിച്ചു. പുല്ലാമല വാർഡിൽനിന്നു മൂന്നാംതവണയാണ് വി.കെ.ജ്യോതി വിജയിക്കുന്നത്. പുല്ലാമല ഉദയമന്ദിരത്തിൽ ഉദയകുമാറിന്റെ ഭാര്യയാണ്.
ഓപ്പറേഷൻ നെടുവത്തൂർ ത്രിപുര മോഡലിനു ചുക്കാൻപിടിച്ച് മന്ത്രിയും
:ഓപ്പറേഷൻ നെടുവത്തൂരിനു’ ചുക്കാൻപിടിച്ചത് മന്ത്രി കെ.എൻ.ബാലഗോപാൽമുതൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾവരെയുള്ളവർ. ഞായറാഴ്ച മത്സരിക്കാനായിരുന്നു തീരുമാനം.
എന്നാൽ തിങ്കളാഴ്ച രാവിലെ കളംമാറി. ഇടതു പ്രാദേശിക നേതാക്കളും യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ചില മണ്ഡലം ഭാരവാഹികളുമായി നടന്ന രാത്രിചർച്ചയിൽ ധാരണകളുമുണ്ടായി.
മന്ത്രി കെ.എൻ.ബാലഗോപാലും സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവനും ചേർന്ന് രാവിലെ 9.30-ന് കൊട്ടാരക്കര ഏരിയ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിൽ ബി.ജെ.പി.യെ തടയുകയാണ് ലക്ഷ്യമെന്നു നിശ്ചയിച്ചു.
എൽ.ഡി.എഫുമായി സഹകരിക്കാൻ തയ്യാറാണെങ്കിൽ കോൺഗ്രസ് വിമത വി.കെ.ജ്യോതിക്കു പിന്തുണ നൽകാൻ തീരുമാനിച്ചു.
പാർട്ടി ജില്ലാ കമ്മിറ്റി അംഗം എസ്.ആർ.അരുൺ ബാബുവും തേവലപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അഭിലാഷും വി.കെ.ജ്യോതിയെയും എ.സൂസമ്മയെയും പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നേരിൽക്കണ്ടു. എൽ.ഡി.എഫുമായി സഹകരിക്കാമെന്നും കോൺഗ്രസ് പുറത്താക്കിയാൽ സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്നും എഴുതിവാങ്ങിച്ചു.
യു.ഡി.എഫിലെ മറ്റ് അംഗങ്ങളും ഫോണിലൂടെ തീരുമാനം സമ്മതിച്ചു. അപ്പോഴേക്കും സമയം 10.50. പതിനൊന്നിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലേക്ക് എൽ.ഡി.എഫ്. അംഗങ്ങൾ കടന്നുവരുമ്പോഴും തങ്ങൾക്കു വിജയം ഉറപ്പെന്നായിരുന്നു ബി.ജെ.പി.യുടെ ധാരണ.
മുമ്പ് നറുക്കെടുപ്പിൽ പ്രസിഡന്റ്പദം കൈവിട്ട ബി.ജെ.പി.ക്ക് ഇക്കുറി ഒരു വോട്ടിന്റെ വ്യത്യാസത്തിൽ പ്രതിപക്ഷസ്ഥാനംതന്നെ ഉറച്ചു. എൽ.ഡി.എഫും യു.ഡി.എഫും ത്രിപുര മാതൃക സഖ്യമുണ്ടാക്കിയെന്നും അവർ ആരോപിച്ചു. വിജയിച്ച വി.കെ.ജ്യോതിയെ സ്വീകരിക്കാൻ ഇടതു നേതാക്കളായ രാമാനുജൻ, ഇന്ദ്രലാൽ, വി.പി.പ്രശാന്ത്, സുമാലാൽ, നെടുവത്തൂർ സുന്ദരേശൻ, മുരളീധരൻ, ഡി.എസ്.സുരേഷ്, എസ്.സുരേഷ് തുടങ്ങി ഒട്ടേറെപ്പേരെത്തി.
ഞങ്ങൾ യു.ഡി.എഫിൽത്തന്നെയാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) അംഗം ആർ.രാജശേഖരൻ പിള്ള പറയുമ്പോഴേക്കും വി.കെ.ജ്യോതിയുമായി ഇടതുമുന്നണി പ്രകടനം തുടങ്ങിയിരുന്നു.
Content Highlights: Congress rebel panchayat president; Minister KN Balagopal-Operation neduvathoor panchayat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..