ശശി തരൂർ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച ശശി തരൂർ എം.പിയുടെ മലബാർ പര്യടനം തുടങ്ങി. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ എതിർപ്പുകൾക്കിടെയാണ് തരൂരിന്റെ പര്യടനം എന്നത് ഏറെ ശ്രദ്ധേയമാണ്. തരൂർ പങ്കെടുക്കാനിരുന്ന യൂത്ത് കോൺഗ്രസ് പരിപാടി കോൺഗ്രസ് നേതൃത്വം ഇടപെട്ട് തടയുകയും ചെയ്തിരുന്നു. ശശി തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയോ, അതിനായി വേദി ഒരുക്കുകയോ ചെയ്താൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിയുള്ളതായാണ് വിവരം.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ ജില്ലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. നാല് ദിവസത്തെ പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്.
ദേശീയ, സംസ്ഥാന നേതൃത്വത്തിലെ പ്രബലരായ നേതാക്കളാണ് പരിപാടി തടയാൻ മുൻകൈയെടുത്തതെന്നാണ് തരൂർക്യാമ്പിന്റെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസിനെ പരിപാടി നടത്തുന്നതിൽനിന്ന് നേതൃത്വം വിലക്കിയെങ്കിലും പരിപാടി അതേസമയത്ത് അതേഹാളിൽ ജവാഹർ യൂത്ത് ഫൗണ്ടേഷൻ നടത്തും. യൂത്ത് കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
രാവിലെ എം.ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തിയ തരൂർ കശ്യപാശ്രമ മഠാതിപധി എം.ആർ. രാജേഷുമായും കൂടിക്കാഴ്ച നടത്തി. പാണക്കാട് തങ്ങളുമായും, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി അദ്ദേഹം കൂടിക്കാഴ്ച കൂടി നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുമ്പെങ്ങുമില്ലാത്തതരത്തിലാണ് തരൂർ പ്രവർത്തനയിടമായ കേരളത്തിൽ പര്യടനം ആരംഭിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് തരൂരിന്റെ പര്യടനം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയ ശേഷമാണ് തരൂരിന്റെ കേരളത്തിലേക്കുള്ള വരവ്. വരും കാലങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലേക്കുള്ള .
ചുവടുവെപ്പാണ് തരൂരിന്റേത് എന്ന തരത്തിലടക്കം ചർച്ചകളും ഉയർന്നു തുടങ്ങിയിട്ടുണ്ട്.
Content Highlights: Congress MP Shashi Tharoor's malabar tour begin


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..