ന്യൂഡല്‍ഹി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എം.എം.ഹസ്സനെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പരാതി. 

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പുറമെ കെപിസിസി ഭാരവാഹികളും ഹസ്സനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. ഹസ്സന്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടതടക്കം നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കെപിസിസി നേതൃത്വത്തെ പോലും പരസ്യമായി എതിര്‍ത്തു. പാര്‍ട്ടിയോട് ആലോചിക്കാതെ നിലപാടുകള്‍ പരസ്യപ്പെടുത്തി. മാധ്യമങ്ങളുടെ അകമ്പടിയോടെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി തുടങ്ങിയ കാര്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. ഹസ്സനുമായി മുന്നോട്ടുപോകുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്കിത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയും യുഡിഎഫ് സംവിധാവനവും രണ്ടു തട്ടിലാണെന്ന് വരുത്തി തീര്‍ക്കുന്ന പ്രസ്താവനകളാണ് തിരഞ്ഞെടുപ്പ് വേളകളില്‍ ഹസ്സന്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ക്കടക്കമാണ് പരാതി ലഭിച്ചിട്ടുള്ളത്. ചില എംപിമാരും എംഎല്‍എമാരും താരിഖ് അന്‍വറിന് നേരിട്ടാണ് പരാതി ബോധിപ്പിച്ചിട്ടുള്ളത്. 

Content Highlights: congress leadersa complaint against udf convener mm hassan