പ്രതീകാത്മകചിത്രം| Photo: PTI
തിരുവനന്തപുരം: ഒരുവശത്ത് താഴെത്തട്ടുവരെയുള്ള പുനഃസംഘടനാനടപടികള്‍ നടക്കുന്നതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നു. നാട്ടുകാരുടെ മനസ്സറിയാന്‍ ഫെബ്രുവരി ഒന്നുമുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നേതാക്കള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തും. നോട്ടീസ് കെ.പി.സി.സി. തയ്യാറാക്കും. ഈ സന്ദര്‍ശനം സമയമെടുത്ത് വീട്ടുകാരുമായി സംസാരിക്കാനും അവരുടെ പരാതികള്‍ അനുഭാവപൂര്‍വം കേള്‍ക്കാനും വിനയത്തോടെ മറുപടി പറയാനുമുള്ള അവസരമായി കരുതണമെന്ന് കെ.പി.സി.സി. നിര്‍ദേശിച്ചു.
ദേശീയ, സംസ്ഥാന രാഷ്ട്രീയവിഷയങ്ങളും കോണ്‍ഗ്രസ് ആശയങ്ങളും വീട്ടുകാരുമായി സംസാരിക്കണം. കെ.പി.സി.സി.യുടെ വിപുലമായ നേതൃയോഗം എറണാകുളത്ത് ചേരാനും നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ഹാഥ് സേ ഹാഥ് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തും.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ എല്ലാ ബൂത്തുകളിലൂടെയും കടന്നുപോകുന്ന തരത്തില്‍ പദയാത്രകള്‍ നടത്തും. നാലുദിവസം നീളുന്ന യാത്രയില്‍ 100 പേരെങ്കിലും നിര്‍ബന്ധമായും ഉണ്ടാകണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പുറമേ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകരെയും ഇതുമായി സഹകരിപ്പിക്കും.
ഭാരത് ജോഡോ യാത്ര സമാപിക്കുന്ന ജനുവരി 30-ന് ഗാന്ധിജിയുടെ രക്തസാക്ഷിദിനംകൂടിയായതിനാല് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭാരത് ദേശീയോദ്ഗ്രഥനസംഗമം സംഘടിപ്പിക്കും. മേയ് നാലിന് ഭരണത്തകര്‍ച്ചയ്ക്കെതിരേ സെക്രട്ടേറിയറ്റ് വളയലും നിശ്ചയിച്ചിട്ടുണ്ട്.
പ്രിയങ്കയെ പങ്കെടുപ്പിച്ച് ലക്ഷം വനിതകളുടെ റാലി
പത്തനംതിട്ട: എ.ഐ.സി.സി. പ്രഖ്യാപിച്ചിട്ടുള്ള 'ഹാഥ് സേ ഹാഥ് ജോഡോ' കാമ്പയിനിലൂടെ കേരളത്തില്‍ സംഘടനാപ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാന്‍ കോണ്‍ഗ്രസ്. മാര്‍ച്ച് രണ്ടാംവാരം തിരുവനന്തപുരത്ത് പ്രിയങ്കാ ഗാന്ധിയെ പങ്കെടുപ്പിച്ചും ലക്ഷം വനിതകളെ അണിനിരത്തിയും വന്‍ റാലി ഇതിന്റെ ഭാഗമായി നടത്താനാണ് ഉദ്ദേശം. തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.
'ഭാരത് ജോഡോ' യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് 'ഹാഥ് സേ ഹാഥ് ജോഡോ' കാമ്പയിന്. കേരളത്തില്‍ മരവിപ്പിലായ സംഘടനാ സംവിധാനത്തെ താഴെത്തട്ടില്‍നിന്ന് പുനരുജ്ജീവിപ്പിക്കാനുള്ള പരിപാടികള്‍ക്കാണ് കെ.പി.സി.സി. രൂപം നല്‍കുന്നത്.
സംസ്ഥാനത്ത് എല്ലാ ബ്ലോക്കുകളിലും ഫെബ്രുവരിയില്‍ നടത്തുന്ന പദയാത്രയ്ക്ക് നേതൃത്വം നല്‍കാനായി നേതാക്കളുടെ പട്ടിക കെ.പി.സി.സി. തയ്യാറാക്കുന്നു. ഒരോ ബ്ലോക്കിലും രണ്ട് നേതാക്കള്‍ വീതമാണ് നേതൃത്വം നല്‍കുക.
Content Highlights: Congress leaders kerala KPCC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..