തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപ്പട്ടികയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പട്ടികയില്‍ പൊതുവേ എല്ലാവരും സന്തോഷത്തിലാണെന്നാണ് തനിക്ക് കിട്ടിയ പ്രതികരണം. പട്ടികയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യമുണ്ടായിരുന്നതായി തിരുവഞ്ചൂര്‍ പ്രതികരിച്ചു.

'പദവികളിലേക്ക് വന്നവരെല്ലാം പ്രഗത്ഭരായവരാണ്. അംഗീകാരം കിട്ടേണ്ടവര്‍ വേറെയുമുണ്ട്. ആരെങ്കിലും പുറത്തുപോയിട്ടുണ്ടെങ്കില്‍ അവരെ അടുത്തഘട്ടങ്ങളില്‍ പരിഗണിക്കും. പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണം.' 

പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന്റെ പരസ്യ പ്രതികരണത്തെ കുറിച്ച് ചര്‍ച്ചയ്ക്കില്ല. തര്‍ക്കവിഷയമാക്കരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോവണം. അത് പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോവണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

കെ.പി.സി.സി ഭാരവാഹിപ്പട്ടികയെ ചൊല്ലി എ-ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. പട്ടികയില്‍ ഐ വിഭാഗക്കാര്‍ മേല്‍ക്കൈ നേടിയെന്നാണ് എ ഗ്രൂപ്പുകാരുടെ ആരോപണം. 

അതൃപ്തി പരസ്യപ്പെടുത്തി കെ മുരളീധരന്‍ രംഗത്തെത്തി. പുതിയ ഭാരവാഹിപ്പട്ടികയെ അനുകൂലിക്കുന്നില്ല. അച്ചടക്കമുള്ളതുകൊണ്ട് എതിര്‍ക്കുന്നില്ലെന്നം അദ്ദേഹം പ്രതികരിച്ചു. 

ഒരു മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അംഗീകാരം നല്‍കിയത്. നാലു വൈസ് പ്രസിഡന്റുമാരും 23 ജനറല്‍ സെക്രട്ടറിമാരും 28 നിര്‍വാഹകസമിതി അംഗങ്ങളും ഖജാന്‍ജിയുമുള്‍പ്പെടെ 56 ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. 

Content Highlights: Congress leader Thiruvanchoor Radhakishnan on KPCC new office bearers list