രാഷ്ട്രീയത്തിലെ നിര്‍ഭാഗ്യവാന്‍, കോണ്‍ഗ്രസിലെ സൗമ്യമുഖം


പി.പി.ശശീന്ദ്രന്‍

സതീശൻ പാച്ചേനി | Mathrubhumi archives

പാച്ചേനി എന്നത് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത ഒരു ഗ്രാമമാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ സ്വാധീനമുള്ള സ്ഥലം. ആദ്യകാലത്ത് പാച്ചേനി എന്ന സ്ഥലം പ്രശസ്തമായത് എം.എല്‍.എ ആയിരുന്ന പാച്ചേനി കുഞ്ഞിരാമന്‍ എന്ന ലാളിത്യമുള്ള സി.പി.എം നേതാവിലൂടെയാണ്. എന്നാല്‍ സതീശന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആകര്‍ഷിച്ചത് കെ.എസ്.യുവിന്റെയും കോണ്‍ഗ്രസിന്റെയും ആശയങ്ങളായിരുന്നു. കുടുംബത്തിന് അല്‍പ്പം കമ്യൂണിസ്റ്റ് പാരമ്പര്യം ഉണ്ടായിരുന്നുവെങ്കിലും സതീശന്‍ പിന്തുടര്‍ന്നത് എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെമെല്ലാം പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണ്. അത് കേട്ടാണ് സ്‌കൂള്‍ കാലം മുതല്‍ തന്നെ കെ.എസ്.യുവിന്റെ നീല പതാക ആ കുട്ടി നെഞ്ചോട് ചേര്‍ത്തുപിടിച്ചത്.

കോളേജ് കാലത്താകട്ടെ കെ.എസ്.യുവിന്റെ നേതൃത്വത്തിലേക്ക് ചുറുചുറുക്കോടെ അയാള്‍ കടന്നുകയറി. പതിയെ പതിയെ സതീശന്‍ പാച്ചേനി എന്ന നേതാവിന്റെ വളര്‍ച്ച അവിടെ തുടങ്ങുകയായിരുന്നു. അധികം വൈകാതെ സതീശന്‍ കോണ്‍ഗ്രസ്സുകാരില്‍ മാത്രമല്ല, ഇതര രാഷ്ട്രീയക്കാരിലും പാച്ചേനിയായി മാറി. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും സാന്നിധ്യവുമായി ആ യുവാവ് വേഗം വളര്‍ന്നു. കെ.എസ്. യു സംസ്ഥാന പ്രസിഡന്റായും യുവജനനേതാവായുമെല്ലാം തിളങ്ങിനിന്ന കാലം സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെയും പ്രതാപകാലമായിരുന്നു.കണ്ണൂരിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളുമായി ഓടി നടന്ന കാലത്ത് സതീശനിലെ നേതൃപാടവം തിരിച്ചറിഞ്ഞ എ.കെ.ആന്റണിയാണ് സംസ്ഥാന തലത്തിലേക്ക് ആ യുവാവിനെ പരിചയപ്പെടുത്തുന്നത്. എ-ഐ എന്നീ ഗ്രൂപ്പുകളിലായി കോണ്‍ഗ്രസ്സുകാര്‍ മല്‍സരിച്ച് പ്രവര്‍ത്തിക്കുന്ന കാലം കൂടിയായിരുന്നു അത്. സതീശന്‍ കണ്ണൂരില്‍ എ ഗ്രൂപ്പിന്റെ യുവനായകനായി മാറിയതും വളരെ പെട്ടെന്നയിരുന്നു. എ ഗ്രൂപ്പിന്റെ ജില്ലാ സംസ്ഥാന നേതാക്കളുടെയെല്ലാം കണ്ണൂരിലെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായി സതീശന്‍ മാറിയത് പ്രവര്‍ത്തന മികവുകൊണ്ട് തന്നെയായിരുന്നു. സൗമ്യമായ പെരുമാറ്റം, നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന ശൈലി- സതീശന്‍ രാഷ്ട്രീയത്തിലെ പടവുകളെല്ലാം വേഗം തന്നെ ചവിട്ടിക്കയറി. എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലാകട്ടെ വലിയ നിര്‍ഭാഗ്യവാനുമായിരുന്നു.

2001 ല്‍ മലമ്പുഴയില്‍ വി.എസ്.അച്ചുതാനന്ദന്‍ എന്ന സി.പി.എമ്മിന്റെ കരുത്തനെ നേരിടാന്‍ കെ.പി.സി.സി നേതൃത്വം കണ്ടുവെച്ചത് സതീശനെയായിരുന്നു. പാലക്കാട്ടുകാര്‍ മാത്രമല്ല, കോണ്‍ഗ്രസിലെ പലരും ആദ്യനാളുകളില്‍ നെറ്റിചുളിച്ച തീരുമാനമായിരുന്നു അത്. പക്ഷെ കെ.എസ്.യുവിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം മലമ്പുഴയില്‍ പെട്ടെന്ന് തന്നെ ഓളം ഉണ്ടാക്കാന്‍ സതീശനായി. മല്‍സരത്തില്‍ തോറ്റെങ്കിലും സാക്ഷാല്‍ വി.എസിനെ വരെ ഞെട്ടിച്ചതായിരുന്നു ആ മല്‍സരഫലവും വോട്ട് നിലയും. പിന്നെയും വി.എസിനെ നേരിടാന്‍ നിയുക്തനായത് സതീശന്‍ തന്നെ. പക്ഷെ ഇത്തവണ എത്തിയപ്പോള്‍ വി,എസ്.പഴയ ആളായിരുന്നില്ല. അവിടെയും തോറ്റെങ്കിലും സതീശന്‍ എന്ന യുവ നേതാവിന്റെ രാഷ്ട്രീയഗ്രാഫ് ഉയര്‍ന്നുതന്നെ നിന്നു. പിന്നീട് പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ ഇന്നത്തെ മന്ത്രി എം.ബി.രാജേഷിനോടായി അങ്കം. സ്വന്തം നാടായ തളിപ്പറമ്പില്‍ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോടും പൊരുതി തോറ്റു. അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനോടും തോല്‍ക്കേണ്ടി വന്നപ്പോള്‍ രാഷ്ട്രീയത്തിലെ നിര്‍ഭാഗ്യവാനായും ഹതഭാഗ്യനായും പാച്ചേനി മുദ്രകുത്തപ്പെട്ടു.

കോണ്‍ഗ്രസ് നേതൃത്വത്തിലെ പുനസംഘടനാ വേളയില്‍ കണ്ണൂരിലെ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച അവസാന വാക്ക് കെ.സുധാകരന്റെത് തന്നെയായി മാറിയിട്ട് കാലം കുറച്ചായി. എ ഗ്രൂപ്പിന്റെ വക്താവായിരുന്നുവെങ്കിലും സതീശന്‍ പാച്ചേനിയെ കൂടെ നിര്‍ത്താന്‍ സുധാകരന്‍ തയ്യാറായി. ഇതിനായി സതീശന്‍ എ ഗ്രൂപ്പില്‍ നിന്ന് സുധാകരന്‍ പക്ഷത്തേക്ക് ചാഞ്ഞു എന്നൊരു അപശ്രുതി ഉയര്‍ന്നു. ചില നീക്കുപോക്കുകളുടെ ബലത്തില്‍ ആ സംസാരത്തില്‍ അല്‍പ്പം യാഥാര്‍ത്ഥ്യമുണ്ടായിരുന്നു താനും. അങ്ങിനെ സതീശന്‍ പാച്ചേനി കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടായി ചുമതലയേറ്റു. പണിതീരാത്ത വീട് എന്ന അപഖ്യാതിയുമായി നില്‍ക്കുകയായിരുന്ന കണ്ണൂര്‍ ഡി.സി.സി മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒരു ഘട്ടത്തില്‍ സ്വന്തം വീട് തന്നെ വിറ്റ സതീശന്റെ തീരുമാനം കോണ്‍ഗ്രസില്‍ മാത്രമല്ല ചര്‍ച്ചയായത്. ഒടുവില്‍ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയാണ് സതീശന്‍ തന്റെ പിന്മുറക്കാരനായ മാര്‍ട്ടിന്‍ ജോര്‍ജിന് ഡി.സി.സി പ്രസിഡന്റ് പദം കൈമാറിയത്.

അടിമുടി രാഷ്ട്രീയക്കാരനായിരുന്നു സതീശന്‍ പാച്ചേനി. കെ.എസ്.യു കാലം മുതല്‍ അയാള്‍ അതായിരുന്നു. തലച്ചോറിലെ രക്തസ്രാവത്താല്‍ ഓര്‍മ്മ നശിച്ച് ആസ്പത്രിയിലാവുന്നത് വരെ അയാള്‍ ശ്വസിച്ചത് രാഷ്ട്രീയം മാത്രമായിരുന്നു. കുടുംബത്തെ നോക്കാന്‍ മറന്നുപോയ ഒരു രാഷ്ട്രീയക്കാരന്‍. ഡി.സി.സി പ്രസിഡണ്ട് പദത്തില്‍ നിന്ന് മാറിയപ്പോള്‍ ഇനി ജീവിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുന്ന പച്ച മനുഷ്യനായിരുന്നു അയാള്‍. സ്വന്തമായി വരുമാനമില്ലാത്ത, ഭാര്യക്ക് നല്ലൊരു ജോലി പോലുമില്ലാതെ പോയൊരു രാഷ്ട്രീയക്കാരന്‍. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ.എസ്.യുവിന്റെ പത്രക്കുറിപ്പുകളുമായി ഇടക്കിടെ മാതൃഭൂമിയിലേക്ക് കയറിവന്നിരുന്ന ചെറുപ്പക്കാരന്റെ അതേ നിഷ്‌കളങ്കത ഡി.സി.സി പ്രസിഡണ്ട് പദത്തില്‍ നിന്ന് മാറുമ്പോഴും അയാളില്‍ ഉണ്ടായിരുന്നു.
ഇത്തവണ എന്തായാലും ജയിക്കുമെന്നായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളകളിലെ ഫോണ്‍ സംഭാഷണങ്ങളിലെല്ലാം സതീശന്‍ പറഞ്ഞുകൊണ്ടിരുന്നത്. അത്രക്കും പ്രതീക്ഷയും ആത്മവിശ്വാസവും അയാള്‍ക്കുണ്ടായിരുന്നു. വര്‍ഷങ്ങളായി താന്‍ കാണുന്ന കണ്ണൂര്‍ തന്നെ കൈവിടില്ലെന്ന പ്രതീക്ഷ. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങളും സൂത്രപ്പണികളും അയാള്‍ക്ക് അന്യമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. എന്നാല്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള വിദ്യകളും അയാള്‍ക്കില്ലായിരുന്നുവെന്ന് ഇപ്പോള്‍ ആ കുടുംബത്തിന്റെ അവസ്ഥ അറിയുമ്പോള്‍ തിരിച്ചറിയുന്നു. ഭാരങ്ങളും സമ്മര്‍ദ്ദങ്ങളും പ്രയാസങ്ങളുമെല്ലാം തലയില്‍ കയറ്റിവെച്ചുകൊണ്ട് അയാള്‍ ജീവിതം ഓടിത്തീര്‍ത്തു.

അമ്പത്തിനാലാം വയസ്സ് എന്നത് രാഷ്ട്രീയത്തിലെ യൗവനം തന്നെയാണ്. ആ യൗവനത്തിലാണ് അയാള്‍ ഒന്നുമില്ലാതെ, വേണ്ടപ്പെട്ടവര്‍ക്കായി ഒന്നും കരുതിവെക്കാതെ കടന്നുപോവുന്നത്. തികച്ചും അകാലത്തിലുള്ള മരണം. രാഷ്ട്രീയത്തിലെ നിര്‍ഭാഗ്യവാന്മാരില്‍ ഒരാളുടെ അകാല ചരമമായി സതീശന്റെ ജീവിതം അടയാളപ്പെടുത്താം.

Content Highlights: congress leader satheeshan pacheni


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented