പിണറായി വിജയൻ, കെ സുധാകരൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് രാജി വെച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനം കൂടി രാജിവെക്കാന്‍ സജി ചെറിയാന് തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി പറഞ്ഞു. രണ്ടാം വിക്കറ്റ് ഉടന്‍ വീഴും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കുമെന്നും സുധാകരന് പരിഹസിച്ചു.
ചെയ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെച്ചതെന്ന് സംശയമാണ്. രാജി പ്രഖ്യാപിക്കുന്ന സമയത്തും ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ സജി ചെറിയാന് തയ്യാറാവാതിരുന്നത് നിര്‍ഭാഗ്യകരമാണ്. പ്രസംഗത്തെ ന്യായീകരിക്കുന്നതിന്റെ വൈരുധ്യം സിപിഎം പരിശോധിക്കണം. സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് മന്ത്രിയുടെ രാജി. സത്യസന്ധമായി ഉള്ളില്‍തട്ടി ഭരണഘടനയുടെ പവിത്രതയെ ഉള്‍കൊള്ളാന്‍ സജി ചെറിയാന് തയ്യാറാവണം.
മന്ത്രി പദവി അദ്ദേഹം രാജിവെച്ചത് ആരോടോ വാശി തീര്‍ക്കാനെന്ന പോലെയാണ് തോന്നിയത്. എംഎല്‍എ സ്ഥാനത്ത് തുടരാനും സജി ചെറിയാന് യോഗ്യനല്ല. അക്കാര്യത്തില്‍ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രി മൗനം വെടിയണം, സിപിഎം നിലപാട് വ്യക്തമാക്കണം- വി.ഡി സതീശന്
സജി ചെറിയാന്റെ പ്രസംഗത്തെ സിപിഎം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഭരണഘടനയെ അവഹേളിച്ചും ഭരണഘടനാ ശില്പികളെ അപകീര്‍ത്തിപ്പെടുത്തിയും നടത്തിയ മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാന് തള്ളിപ്പറഞ്ഞിട്ടില്ലെന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. പ്രസംഗത്തിലെ വാചകങ്ങള്‍ കേരളം മുഴുവന്‍ കേട്ടതാണ്. എന്നിട്ടും താന്‍ പറഞ്ഞതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. രാജി മുഖ്യമന്ത്രിയോ പാര്‍ട്ടിയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനര്‍ഥം സജി ചെറിയാന് ഭരണഘടനെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തെ പാര്‍ട്ടി അംഗീകരിക്കുന്നു എന്നാണ്.
മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഉത്തരമില്ലാത്തപ്പോള്‍ മുഖ്യമന്ത്രിയുടെ സ്ഥിരം ആയുധമാണ് മൗനം പാലിക്കല്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. മന്ത്രിസ്ഥാനം രാജിവെച്ച ഒരാള്‍ എംഎല്‍എ സ്ഥാനം കൂടി രാജിവെക്കണം. മന്ത്രി ചെയ്ത ക്രിമിനല്‍ കുറ്റത്തിന് പോലീസ് നടപടിയെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
രാജി ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ക്കുള്ള താക്കീത്- രമേശ് ചെന്നിത്തല
മന്ത്രി സജി ചെറിയാന്റെ രാജി സ്വാഗതാര്‍ഹമാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകള്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന് ഒരു താക്കീതാണ് ഇതിലൂടെ ലഭിക്കുന്നത്. നമ്മള് ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും പൊതുപ്രവര്‍ത്തകര്‍ക്ക് ബാധ്യത ഉണ്ട് എന്നുള്ളതിന്റെ ഓര്‍മ്മപ്പെടുത്തലാണ് സജി ചെറിയാന്റെ രാജിയിലൂടെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..