രമേശ് ചെന്നിത്തല | Photo: Mathrubhumi
തിരുവനന്തപുരം: വഴിയോര വിശ്രമകേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതികളുടെ നടത്തിപ്പിനായി സര്‍ക്കാരിന്റെ ഭൂമി സ്വകാര്യകമ്പനികള്‍ക്ക് പണയപ്പെടുത്തുന്ന രീതിയില്‍ കരാര്‍ ഉണ്ടാക്കിയതിനു പിന്നില്‍ വന്‍ അഴിമതിയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വഴിയോര വിശ്രമകേന്ദ്രത്തിനായി മുപ്പത് സ്ഥലങ്ങളിലായി തെരഞ്ഞെടുത്ത 150 ഏക്കറിന് പുറമേ, ബ്രഹ്‌മപുരത്തെ വിവാദ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിര്‍മിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇതേ രീതിയില്‍ നാല് വര്‍ഷം മുമ്പ് 28 വര്‍ഷം പാട്ടത്തിനും പിന്നീട് ഭൂമി പണയപ്പെടുത്താനുമുള്ള കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് തങ്ങള്‍ എതിരാണ് എന്നു പറഞ്ഞു നടന്ന ഇടത് പക്ഷം ഇതില്‍ നയം വ്യക്തമാക്കണമെന്നും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ മറുപടി പറയണമെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.
കമ്പനി ഭൂമി പണയപ്പെടുത്തിയോ ഇല്ലയോയെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കേണ്ടതുണ്ട്. ഭൂമി പണയപ്പെടുത്താന്‍ അനുമതി നല്‍കിയശേഷം കമ്പനിയുടെ ആവശ്യപ്രകാരം 7.75 കോടിയുടെ കരാര്‍ എന്തിനാണു നല്‍കിയതെന്നും എന്‍ജിനിയറിങ് വകുപ്പ് എതിര്‍ത്തിട്ടും 1.23 കോടി രൂപ കോര്‍പ്പറേഷന്‍ നല്‍കിയതെന്തിനെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ചോദിച്ചു.
കോര്‍പ്പറേഷന്റെ 12.67 ഏക്കര്‍ ഭൂമിയാണ് വിചിത്ര ഉത്തരവിലൂടെ കമ്പനിക്ക് നല്‍കിയിരിക്കുന്നത്. 250 കോടിയുടെ പദ്ധതി ബ്രഹ്‌മപുരത്തെ വിവാദ കമ്പനിക്കാണ് നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. വഴിയോര വിശ്രമകേന്ദ്രത്തിന്റെ മറവിലും വസ്തുകച്ചവടമാണ് നടക്കാന്‍ പോകുന്നത്. 51% ഓഹരിയുള്ള ഓക്കില്‍ കമ്പനിയുടെ കീഴില്‍ റെസ്റ്റ് സ്റ്റോപ്പ്, റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റ് എന്നീ രണ്ട് സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ പുറത്തുവിടണമെന്നും രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു.
ചോദിച്ച 10 ചോദ്യങ്ങളില്‍ ഒന്നിന് മാത്രമാണ് കമ്പനി പത്രക്കുറിപ്പിലൂടെ മറുപടി നല്‍കിയത്. അതാണെങ്കില്‍ പച്ചക്കള്ളവും. ആലപ്പുഴയിലേയും കാസര്‍കോട്ടെയും സ്ഥലങ്ങള്‍ ക്ക് സര്‍ക്കാര്‍ കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു. നിശ്ചയിച്ചതിന്റെ സര്‍ക്കാര്‍ ഉത്തരവ് ഞാന്‍ പുറത്തുവിട്ടിട്ടും വകുപ്പ് മന്ത്രിക്കും കമ്പനിക്കും മിണ്ടാട്ടമില്ല. ഇത്തരത്തില്‍ ഏതെല്ലാം പദ്ധതിക്ക് ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബി ജെ പി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുമ്പോള്‍ ഇടത് പക്ഷ സര്‍ക്കാര്‍ അതേ പാത പിന്തുടര്‍ന്ന് സര്‍ക്കാരിന്റെ കണ്ണായ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പണയം വെയ്ക്കുന്നുവെന്നും ഇതാണ് ഇടത് പക്ഷ സര്‍ക്കാരിന്റെ നയമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlights: congress leader ramesh chennithala about cpm and government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..