പത്തനംതിട്ട: എസ്.എഫ്.ഐ. പരിപാടിയില്‍ പങ്കെടുത്ത പോലീസുകാരനെതിരേ ഡി.ജി.പിക്ക് പരാതി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂറാണ് ചെങ്ങന്നൂര്‍ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ. വിവേകിനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ചെങ്ങന്നൂരിലെ പോലീസുകാരനെതിരേ കോണ്‍ഗ്രസ് നേതാവും പരാതി നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ഞായറാഴ്ച പന്തളത്ത് എസ്.എഫ്.ഐ. സംഘടിപ്പിച്ച പൂര്‍വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിവേക് പങ്കെടുത്തുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നും പരിപാടിയുടെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണവിധേയനായ സി.പി.ഒ. വിവേക് സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞദിവസമാണ് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്ത പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം റൂറലിലെയും സിറ്റിയിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്. അതേസമയം, പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരേ രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ക്യാബിനറ്റ് പദവിയുള്ള തന്നെ പോലീസുകാര്‍ സന്ദര്‍ശിച്ചതില്‍ എന്താണ് തെറ്റെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 

Content Highlights: congress leader complaints against police officer who attended sfi programme in pandalam