പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഇടതുസർക്കാരിനുനേരെ സമരവുമായി കോൺഗ്രസ്. ‘ഭരണത്തകർച്ചയ്ക്കെതിരേ കേരളത്തെ കാക്കാൻ’ എന്ന മുദ്രാവാക്യവുമായി മേയ് നാലിന് ലക്ഷം പ്രവർത്തകർ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ സെക്രട്ടേറിയറ്റ് വളയും.
രണ്ടുദിവസമായി കെ.പി.സി.സി. ആസ്ഥാനത്തുചേർന്ന ഭാരവാഹികളുടെയും നിർവാഹകസമിതി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.
സമരത്തിന് വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. ചെയർമാനായും കെ.പി.സി.സി. ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ കൺവീനറായും സമിതി രൂപവത്കരിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിക്ക് ഒരുവർഷത്തെ ആഘോഷം എല്ലാജില്ലകളിലും നടത്തും.
ഭവനസന്ദർശനം, പദയാത്ര
ഭാരത് ജോഡോയാത്രയുടെ അടുത്തഘട്ടമായി എ.ഐ.സി.സി. 26 മുതൽ രാജ്യവ്യാപകമായി നടത്തുന്ന ‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ’ ജനസമ്പർക്കപരിപാടി കേരളത്തിൽ മാർച്ച് 20 വരെ സംഘടിപ്പിക്കും.
ജോഡോയാത്ര കശ്മീരിൽ സമാപിക്കുന്ന ജനുവരി 30-ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ‘ഭാരത് ജോഡോ ദേശീയോദ്ഗ്രഥനസംഗമം’ സംഘടിപ്പിക്കും. ബൂത്തുതല ഭവനസന്ദർശനം ഫെബ്രുവരി ഒന്നുമുതൽ 20 വരെ നടത്തും.
ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ മൂന്നുമുതൽ നാലുദിവസം നീളുന്ന പദയാത്രകളും നടത്തും.
‘138’ ചലഞ്ച്
പ്രവർത്തനഫണ്ട് ശേഖരിക്കാൻ ‘138’ ചലഞ്ചിന് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി. പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.
138 രൂപയിൽ കുറയാത്ത സംഭാവന ബാങ്ക് അക്കൗണ്ടിലെത്തിയാൽ കെ.പി.സി.സി. പ്രസിഡന്റിന്റെ ഒപ്പോടുകൂടിയ ഡിജിറ്റൽ രസീതും എസ്.എം.എസ്. വഴി സന്ദേശവും ലഭിക്കും.
Content Highlights: congress kerala kpcc against ldf pinarayi government secretariat protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..