കേരളത്തില്‍ വല്ലാത്തൊരു വിഷമസന്ധിയെയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാവാനുള്ള തയ്യാറെടുപ്പിലായിരുന്നു. എത്രയെത്ര പത്രസമ്മേളനങ്ങള്‍...! വെള്ളം കോരിയതിനും വിറക് വെട്ടിയതിനും കൈയ്യും കണക്കുമില്ല. സ്പ്രിങ്ക്ളര്‍ വിവാദം പോലെ ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടു വന്ന സംഗതികള്‍ ഇപ്പോഴും ഇടതു മുന്നണിയെയയും സി.പി.എമ്മിനെയും വെള്ളം കുടിപ്പിക്കുന്നുമുണ്ട്.
സംസ്ഥാനത്തെ ജാതി സമവാക്യങ്ങളുടെ കാലഗണനപട്ടികയിലും ഇക്കുറി നറുക്ക് വീഴേണ്ടത് ചെന്നിത്തലയ്ക്കാണ്. പക്ഷേ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തോടെ കാര്യങ്ങള്‍ അട്ടിമറിഞ്ഞു. ഇത്രമാത്രം വിവാദങ്ങള്‍ക്കുള്ളില്‍പെട്ട് നട്ടം തിരിഞ്ഞിട്ടും ഇടതു മുന്നണിയെ വീഴ്ത്താനായില്ലെന്നത് കേരളത്തിലെ കോണ്‍ഗ്രസുകാരെ ഞെട്ടിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനുള്ള ക്രെഡിറ്റ് ആരും ചെന്നിത്തലയ്ക്ക് കൊടുത്തിരുന്നില്ല. പക്ഷേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള ഉത്തരവാദിത്തം ചെന്നിത്തലയ്ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പരാജയം വരുമ്പോള്‍ അങ്ങിനെയാണ്. ഏറ്റെടുക്കാന്‍ ആളുകള്‍ നന്നേ കുറവായിരിക്കും.
ചെന്നിത്തലയെ മാറ്റി നിര്‍ത്തി ഒരു തിരഞ്ഞെടുപ്പ് പോരാട്ടം കേരളത്തില്‍ കോണ്‍ഗ്രസിന് ആലോചിക്കാനാവില്ല. ചെന്നിത്തലയോട് ഒരു തരത്തിലുള്ള അനീതിയുമുണ്ടാവരുതെന്നും ഹൈക്കമാന്റിന് നിര്‍ബ്ബന്ധമുണ്ട്. പക്ഷേ, ഭരണം പിടിക്കാന്‍ ചെന്നിത്തലയെക്കൊണ്ടു മാത്രം കഴിയില്ലെന്നും ഹൈക്കമാന്റ് തിരിച്ചറിയുന്നു. കേരളത്തില്‍ അധികാരത്തിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. ഈ ഘട്ടത്തില്‍ കേരളം ഒരിക്കല്‍കൂടി കൈവിട്ടുപോയാല്‍ അതിന് കൊടുക്കേണ്ടി വരുന്ന വില കനത്തതായിരിക്കും എന്ന് ഹൈക്കമാന്റിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.
അധികാരം വരട്ടെ, ബാക്കി കാര്യങ്ങള്‍ അതിനു ശേഷമാവാം എന്നായിരിക്കാം ഹൈക്കമാന്റ് രമേശ് ചെന്നിത്തലയോട് പറഞ്ഞിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്റ് പറഞ്ഞിട്ടില്ല. എ.കെ. ആന്റണിയെ കളത്തിലിറക്കുന്നത് ചെന്നിത്തലയുടെ ആത്മവീര്യം കൂടി കണക്കിലെടുത്താണ്. ആന്റണിയാവുമ്പോള്‍ ചെന്നിത്തലയ്ക്ക് ഒരു ഭീഷണി അനുഭവപ്പെടില്ല. ഈ പ്രായത്തില്‍ ആന്റണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് കടുത്ത ആന്റണി ഭക്തര്‍ പോലും കരുതുന്നുണ്ടാവില്ല. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ ചെന്നിത്തലയ്ക്ക് തീര്‍ച്ചയായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുണ്ടാവുമെന്നര്‍ത്ഥം.
സി.പി.എമ്മിനും പിണറായി വിജയനുമെതിരെ മൂന്നു പേരെയാണ് കോണ്‍ഗ്രസ് അണിനിരത്തുന്നത്. ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു പോലെ നയിക്കട്ടെ എന്ന് ഹൈക്കമാന്റ് പറയുന്നത് കേരളത്തിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കൊണ്ടാണ്. ഒരു നേതാവ് മാത്രം എന്ന സമീപനം സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത ആഭ്യന്തര ഉള്‍പ്പോരുകളിലേക്ക് നയിച്ചേക്കുമെന്ന പേടി ഹൈക്കമാന്റിനുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന പഴയ നയത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുപോവുന്നു.
അവസാന ലാപ്പില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തന്നെയാവും നേതൃത്വം നല്‍കുക എന്നും കേള്‍ക്കുന്നുണ്ട്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളി ഇല്ലാതാക്കിയത് രാഹുലിന്റെ വരവാണ്. ഇക്കുറി ബംഗാളിലും അസമിലും തമിഴ്നാട്ടിലും രാഹുലിന് കാര്യമായൊന്നും ചെയ്യാനില്ല. അതുകൊണ്ടുതന്നെ കേരളത്തിലായിരിക്കും രാഹുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏതുവിധേനയും ഭരണം തിരിച്ചുപിടിക്കുക എന്ന അജണ്ടയാണ് ഹൈക്കമാന്റ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും മുന്നില്‍ വെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ ചാണ്ടി - ചെന്നിത്തല വിഭാഗങ്ങളുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുക എന്ന വലിയൊരു തലവേദനയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.
സി.പി.എമ്മിനെ തറപറ്റിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിനു മുന്നില്‍ ഒന്നിക്കുന്ന ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയുമായിരിക്കും വരും ദിനങ്ങളില്‍ കേരളം കാണുക. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ എന്ന പാഠമായിരിക്കും ഇരുവരേയും നയിക്കുക. ഈ രണ്ട് ധ്രുവങ്ങള്‍ക്കിടയില്‍ ഒരു പാലമായാണ് ആന്റണി വരുന്നത്. പഴയതുപോലെ ആന്റണി ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മാത്രം നേതാവല്ല. ആന്റണി ഹൈക്കമാന്റിന്റെ പ്രതിനിധിയാണ്. അതുകൊണ്ടു തന്നെ ഈ സമവാക്യം അംഗീകരിക്കുന്നതില്‍ ചെന്നിത്തലയ്ക്ക് പ്രയാസമുണ്ടാവില്ല. അടി നടക്കുക തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും. അതുവരെ കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ കൈവിട്ടുപോവില്ലെന്ന് ഹൈക്കമാന്റ് ഉറപ്പാക്കിയിരിക്കുന്നുവെന്നതാണ് തിങ്കളാഴ്ച ഡെല്‍ഹിയില്‍ നിന്നുയരുന്ന രാഷ്ട്രീയചിത്രം.
Content Highlights: Congress High Command's decision on Kerala Assembly Election