ന്യൂഡല്‍ഹി: കെ. വി. തോമസിന്റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പടുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. അദ്ദേഹത്തിന്റെ വിലപേശലുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്. 

കെ.വി. തോമസിന് പാര്‍ട്ടി പദവികള്‍ ഒന്നും നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയതായാണ് സൂചന. കെപിസിസിയുമായി വിലപേശലിനുള്ള നീക്കം അദ്ദേഹം നടത്തിയാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശവും ഹൈക്കമാന്‍ഡ് നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.വി തോമസിന് ഹൈക്കമാന്‍ഡ് സീറ്റ് നല്‍കിയിരുന്നില്ല. അതില്‍ അദ്ദേഹം കടുത്ത അമര്‍ഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. 

ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ആലപ്പുഴ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നെങ്കിലും പാര്‍ട്ടിയുമായുള്ള അകല്‍ച്ച തുടര്‍ന്നിരുന്നു. ഇടതുപക്ഷവുമായി അദ്ദേഹം അടുപ്പം പുലര്‍ത്തുന്നു എന്ന വിലയിരുത്തലും ഹൈക്കമാന്‍ഡ് നടത്തിയിട്ടുണ്ട്.

Content Highlights: congress high command against k v thomas