
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ യുവജനങ്ങള്‍ക്കും ഒ.ബി.സി., ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി ചേര്‍ന്ന സമിതി യോഗങ്ങളില്‍ നിര്‍ദേശം. ഉദയ്പുരില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ചിന്തന്‍ ശിബിരത്തില്‍ സമര്‍പ്പിക്കാനുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ക്ക് ഞായറാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ച ആറു സമിതികള്‍ അന്തിമരൂപമുണ്ടാക്കി. സമിതി കണ്‍വീനര്‍മാര്‍ ഇവ തിങ്കളാഴ്ച രാവിലെ സോണിയയുടെ മുമ്പാകെ വിശദീകരിക്കും.
വനിതകള്‍ക്കും യുവാക്കള്‍ക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കണമെന്ന് അമരീന്ദര്‍ സിങ് വാറിങ് കണ്‍വീനറായ സമിതിയാണ് നിര്‍ദേശിച്ചത്. സംഘടനാ തലത്തിലും പാര്‍ലമെന്ററി തലത്തിലും ഇത്രയും പ്രാതിനിധ്യംനല്കി പാര്‍ട്ടിയെ റീബ്രാന്‍ഡ് ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു. യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും ഇതിനായി പാര്‍ട്ടിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉചിതമാറ്റം വരുത്തണമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെച്ചു. കേരളത്തില്‍നിന്ന് റോജി എം. ജോണ്‍ സമിതിയില്‍ അംഗമാണ്.
ഒ.ബി.സി., ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭാരവാഹിത്വത്തിലുള്പ്പെടെ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാണ് സാമൂഹിക നീതി-ശാക്തീകരണ സമിതിയുടെ സുപ്രധാന നിര്‍ദേശങ്ങളിലൊന്ന്. ദിഗ്വിജയ് സിങ്, മീരാകുമാര്‍, കുമാരി ഷെല്‍ജ, ആന്റോ ആന്റണി തുടങ്ങിയവര്‍ അംഗങ്ങളായുള്ള സമിതി നിലവില്‍ ഓരോ വിഭാഗത്തിനും ഉപസമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്.
നിര്‍ദേശങ്ങളുമായി ചെന്നിത്തല
ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം എന്നതടക്കമുള്ള 11 ഇന നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതി അംഗം രമേശ് ചെന്നിത്തല മുന്നോട്ടുവെച്ചു. സംഘടന പുനഃസംഘടിപ്പിക്കുന്നതിനുള്ള നിര്ദേശങ്ങള്ക്കുപുറമേയാണിത്. മറ്റു നിര്‍ദേശങ്ങള്‍:
വിജയസാധ്യതയുള്ള 250 ലോക്സഭാ മണ്ഡലങ്ങള്‍ കണ്ടെത്തി പാര്‍ട്ടിസംവിധാനം ശക്തമാക്കണം.
ഒരു പ്രവര്ത്തകന് 40 വീടുകളുടെ ചുമതല നല്‍കണം.
ഓരോ ബൂത്തിലും 10-15 പ്രവര്‍ത്തകര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
താഴെത്തട്ടിലെ പ്രചാരണത്തിന് വാട്സാപ്പ് കൂട്ടായ്മകള്‍ ഫലപ്രദമായി ഉപയോഗിക്കണം.
തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ദേശീയനേതൃത്വം കോര്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണം.
നേതാക്കളുടെ പ്രവര്‍ത്തനമടക്കം ഈ സമിതി നിരീക്ഷിക്കണം.
ജനപിന്തുണയ്ക്ക് അനുസൃതമായ ഭാരവാഹിത്വം നല്‍കണം.
വിദ്വേഷപ്രചാരണത്തെ നേരിടാന്‍ സംഘടനയെ പ്രാപ്തമാക്കണം.
കോണ്‍ഗ്രസില്‍നിന്ന് വിട്ടു പോയവരെ ചേര്‍ത്തുനിര്‍ത്തണം.
കോണ്‍ഗ്രസിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന പ്രചാരണങ്ങള്‍ നടത്തണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..