തിരുവനന്തപുരം: നേമത്ത് യൂത്ത് കോണ്‍ഗ്രസ് , ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്റെ പ്രചാരണ വാഹനം തടഞ്ഞതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. 

നേമം സ്റ്റുഡിയോ റോഡില്‍ വെച്ചാണ് കെ. മുരളീധരന്റെ വാഹനം ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞത്. യു.ഡി.എഫ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ വന്നു എന്നാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ആരോപിച്ചത്. 

ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. അത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷജീറിന് പരിക്കേറ്റു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചു. 

പോലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കി. കൂടുതല്‍ പോലീസുകാരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.  

Content Highlights: Congress-BJP clash in Nemam