കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയ സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. ജോലിക്കായി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് നടപടിയെടുത്തത്.
ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡി.സി.സി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോ തൈക്കുന്നേലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത വന്നത്.
വാര്‍ത്ത പുറത്ത് വന്നതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ശുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പ് പറഞ്ഞു. ഒപ്പം ആശുപത്രിയില്‍ നിന്ന് അവരെ പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പും പുറത്തിറക്കി.
കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്‌സായി ജോലി നല്‍കിയത്. കെ.പി.സി.സി ഭാരവാഹിയായ മമ്പറം ദിവാകരന്‍ പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കിയത്.
Content highlights: Congress action against over job controversy, The person who made the recommendation was fired