തിരുവനന്തപുരം: കെ.പി.സി.സി. പുനഃസംഘടനയില്‍ ഭാരവാഹികളുടെ പട്ടികയിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പേരുകള്‍ നിര്‍ദേശിച്ച് ഗ്രൂപ്പ് നേതാക്കള്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. കെ.ശിവദാസന്‍ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇടഞ്ഞുനില്‍ക്കുന്ന എ.വി. ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നേതൃത്വത്തിന്റെ നീക്കമുണ്ട്.

ഡിസിസി പുനഃസംഘടനയിലെ തര്‍ക്കം, കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ വരാതിരിക്കാന്‍ പൊതുമാനദണ്ഡം വെച്ച് ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം അവരുടെ താല്‍പര്യം സംസ്ഥാന നേതൃത്വം ചോദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എ, ഐ ഗ്രൂപ്പുകള്‍ 51 അംഗങ്ങള്‍ വരുന്ന കെ.പി.സി.സി. ഭാരവാഹികളുടെ പട്ടികയിലേക്ക് നിര്‍ദേശങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

അഞ്ച് വര്‍ഷം പിന്നിട്ടിവരേയും എംഎല്‍എ, എംപി സ്ഥാനങ്ങള്‍ വഹിക്കുന്നവരേയും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ 16 അംഗ ജനറല്‍ സെക്രട്ടറിമാരില്‍ പരമാവധി ഗ്രൂപ്പ് നേതാക്കളെ ഉള്‍പ്പെടുത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. എ.എ. ഷുക്കൂര്‍, വി.എസ്.ശിവകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കളെ ഐ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നു. ആര്യാടന്‍ ഷൗക്കത്ത്, സോണി സെബാസ്റ്റിയന്‍, കെ.ശിവദാസന്‍ നായര്‍, അബ്ദുള്‍ മുത്തലിബ്, വര്‍ക്കല കഹാര്‍ തുടങ്ങിയ നേതാക്കളെ എ ഗ്രൂപ്പും നിര്‍ദേശിച്ചിട്ടുണ്ട്.

പി.എം. നിയാസ്, വി.ടി. ബല്‍റാം, പഴകുളം മധു തുടങ്ങിയവരെ ഗ്രൂപ്പിന് അതീതമായി നേതൃത്വം പിന്തുണയ്ക്കുന്നു. അയജ് തറയില്‍, ബി.സുഗതന്‍, എ.വി. ഗോപിനാഥ് തുടങ്ങിയവര്‍ക്ക് വേണ്ടി കെ.പി.സി.സി പ്രസിഡന്റ് തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. നിയമസഭാ പരാജയത്തേക്കുറിച്ച് പഠിച്ച കെ.പി.സി.സിയുടെ അഞ്ച് മേഖലാ സമതികളുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം നേരിട്ടവരെ ഒഴിവാക്കാന്‍ പൊതുധാരണയായി. അതേ സമയം മുന്‍ ജില്ലാ അധ്യക്ഷ സ്ഥാനം വഹിച്ചവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തും. ഈ ആഴ്ച അവസാനത്തോടെ പേരുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.

Content Highlights: Congress A and I group, KPCC leadership,  K. Sivadasan Nair