തിരുവനന്തപുരം: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വളരെ നിര്‍ണായകമായ കാര്യങ്ങളില്‍ പോലും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പ്രവാസികളെ മടക്കി കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ ഒരു തരത്തിലുള്ള ഐക്യവും ഇല്ലെന്നും ദിനംപ്രതി ആശയക്കുഴപ്പങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെയും വാര്‍ത്താസമ്മേളനങ്ങളില്‍നിന്നു മനസിലാക്കാന്‍ സാധിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.  

ഓരോ കാര്യത്തിലും പരസ്പര വിരുദ്ധമായിട്ടാണ് മുഖ്യമന്ത്രിയും കേന്ദ്ര സഹമന്ത്രിയും സംസാരിക്കുന്നത്. കോവിഡ് 19-ന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളില്‍ നിറയെ അവ്യക്തതകളാണ്. 

നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരെ ഗള്‍ഫില്‍ കോവിഡ് ടെസ്റ്റിന് വിധേയരാക്കില്ല എന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് അത് കേരളത്തിന് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഗള്‍ഫില്‍നിന്നു കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരൂ എന്നാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞത്.

പ്രവാസികളെ കണ്ണൂര്‍ വിമാനത്താവളത്തില്‍ കൊണ്ടുവരില്ല എന്നും അതിന്റെ കാരണം അറിയില്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളെ കൊണ്ടുവരും എന്നാണ് വി. മുരളീധരന്‍ പറഞ്ഞത്. 80,000 പ്രവാസികളെയേ തിരികെ കൊണ്ടുവരുള്ളൂ എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, ആഗ്രഹിക്കുന്ന എല്ലാവരേയും തിരികെ കൊണ്ടുവരുമെന്നാണ് കേന്ദ്ര സഹമന്ത്രി പറയുന്നത്. 

മുന്‍ഗണനാ പട്ടികയില്‍നിന്നു നിരവധി ആളുകളെ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറയുന്നു എന്നാല്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മരിച്ചവരുടെ ബന്ധുക്കളെ കൂടി തിരികെ കൊണ്ടുവരുമെന്നുമാണ് കേന്ദ്രമന്ത്രി പറയുന്നത്. ക്വാറന്റൈന്‍ സംബന്ധിച്ചും ഇതുവരെയും ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. ക്വാറന്റൈന്‍ ഏഴ് ദിവസമായിരിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു എന്നാല്‍ ഐ.സി.എം.ആര്‍. ആണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്രമന്ത്രി പറയുന്നു. 

രാജ്യം വളരെ വലിയ ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും യോജിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുവരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനാണ് കൂടുതല്‍ ഉത്തരവാദിത്തം. അവര്‍ സംസ്ഥാന സര്‍ക്കാരിനെക്കൂടി വിശ്വാസത്തിലെടുത്ത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്ന പതിവാണ് പണ്ടുമുതലേ നമ്മുടെ രാജ്യത്തിനുള്ളത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ കടമെടുത്ത് പറയുകയാണെങ്കില്‍ ദുരന്തമുഖത്ത് രണ്ടു കൂട്ടരും ഇപ്പോള്‍ രാഷ്ട്രീയെ കളിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.  

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയം കളിക്കേണ്ട വിഷയമല്ല ഇത്. നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ടിക്കറ്റ് ചാര്‍ജ് അവര്‍ തന്നെയാണ് ഇപ്പോള്‍ വഹിക്കേണ്ടത്. ഇവരില്‍ ജോലി നഷ്ടപ്പെട്ടവരുണ്ട്, വിസയുടെ കാലാവധി തീര്‍ന്നവരുണ്ട് ഇത്തരത്തില്‍ സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ സഹായിക്കാനായി എംബസികളില്‍ വെല്‍ഫെയര്‍ ഫണ്ടുകളുണ്ട്. ഈ തുക ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ അത്തരക്കാരെ സഹായിക്കാന്‍ നോര്‍ക്ക മുന്നോട്ട് വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

രജിസ്‌ട്രേഷന്‍ നടത്തുക എന്നത് മാത്രമല്ല നോര്‍ക്കയുടെ ദൗത്യം. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ് വാങ്ങി നല്‍കാന്‍ നോര്‍ക്ക മുന്നിട്ടിറങ്ങി പരിശ്രമിക്കണം. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് പ്രവാസികളുമായി എത്തുന്ന ഫ്‌ലൈറ്റുകള്‍ എത്തുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. ഫ്‌ലൈറ്റുകള്‍ തിരുവനന്തപുരത്തേക്കും നീട്ടണം എന്ന ആവശ്യവും ഉയരുന്നുണ്ട്. 

പത്താം തീയതി ഖത്തറില്‍ നിന്നും ഒരു ഫ്‌ലൈറ്റ് മാത്രമാണ് വരുന്നത്. അതുപോരായെന്നും ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നു കൂടി തിരുവനന്തപുരത്തേക്ക് ഫ്‌ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യണം എന്ന ആവശ്യം കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ ജില്ലകളില്‍ നിന്നും ഉയരുന്നുണ്ട്. മുഖ്യമന്ത്രി പത്രസമ്മേളനങ്ങളില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്കുള്ള വിശ്വാസ്യത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പത്രസമ്മേളനം വെറും ഒരു കലാപരിപാടിയായി മാറിക്കൊണ്ടിരിക്കുന്നു - പ്രതിപക്ഷ നേതാവ് പറഞ്ഞു.  

കേരളത്തിന് പുറത്ത് വിവധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരും ഇതുപോലെ പ്രയാസം അനുഭവിക്കുന്നവരാണ്. ഇവരെ മടക്കിക്കൊണ്ട് വരാനുള്ള പദ്ധതികള്‍ ഒന്നും തന്നെ ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. തിരുവനന്തപുരം ഡിവിഷനില്‍ നിന്നും പന്ത്രണ്ട് ട്രെയിനും പാലക്കാട് നിന്നും നാല് ട്രെയിനുമാണ് ഇതുവരെ കേരളത്തില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിട്ടുള്ളത്. ഈ ട്രെയിനുകള്‍ മടങ്ങി വരുമ്പോള്‍ ഡല്‍ഹി, ഹൈദ്രാബാദ് എന്നിങ്ങനെ ചില പോയിന്റുകള്‍ കൊടുത്താല്‍ മതിയാവും ആ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനാവും - രമേശ് ചെന്നിത്തല പറഞ്ഞു.  

കേരളം സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് റെയില്‍വേ ബോര്‍ഡ് തന്നെ പറയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെല്ലാം സ്വന്തം വണ്ടിയിലോ ടാക്‌സി പിടിച്ചോ വരണമെന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.  

കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും നമ്മള്‍ ബസ് ഓടിക്കുന്നതുപോലെ ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബസുകള്‍ ഓടിക്കണം. ഈ കാര്യത്തിലും യാത്രയ്ക്ക് ലഭ്യമാക്കുന്ന പാസുകളുടെ കാര്യത്തിലും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് തീര്‍പ്പുണ്ടാക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ അവരുടെ കൈയ്യില്‍ നിന്നുള്ള കാശെടുത്താണ് യാത്രാച്ചിലവ് നോക്കുന്നത്. രണ്ട് മാസമായി അവര്‍ക്ക് ജോലിയില്ലായിരുന്നു എന്ന കാര്യം നമ്മള്‍ മറക്കരുത്. വില്ലേജ് ഓഫീസര്‍മാര്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ചെന്ന് അവരുടെ കൈയ്യിലുള്ള പണം വാങ്ങി കളക്ടര്‍ക്ക് കൊടുത്ത് കളക്ടര്‍ ഈ പണം റെയില്‍വേയിലെത്തിച്ച് ടിക്കറ്റ് എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. 

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചുപോകാനായി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഒരു തരത്തിലുള്ള ആനുകൂല്യവും നല്‍കുന്നില്ല. ഈ അവസരത്തിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഇവര്‍ക്കാവശ്യമായ യാത്രാക്കൂലി കൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എല്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളോടും ആവശ്യപ്പെട്ടത്. 

ഇതനുസരിച്ചാണ് ഇതരസംസ്ഥാന തൊഴിലാളികളുമായി പോകുന്ന ട്രെയിനുകള്‍ യാത്ര ആരംഭിക്കുന്ന പ്രദേശങ്ങളിലുള്ള അഞ്ച് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റികള്‍ അവര്‍ സ്വരൂപിച്ച പണം കൊടുക്കാന്‍ ജില്ലാ കളക്ടര്‍മാരെ സമീപിച്ചത്. കെ.പി.സി.സി. പ്രസിഡന്റ് ചീഫ് സെക്രട്ടറിയുമായും റെയില്‍വേ ഡി.ആര്‍.എമ്മുമായും സംസാരിച്ച് ശേഷമാണ് കളക്ടറെ കാണാന്‍ എത്തിയത്. 

എന്നാല്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അദ്ദേഹത്തെ കാണാന്‍ ചെന്ന പ്രവര്‍ത്തകരെ കാണാന്‍ പോലും തയ്യാറായില്ല. മറ്റു ജില്ലാ കളക്ടര്‍മാര്‍ പണം സ്വീകരിക്കാനും തയ്യാറായില്ല. സദുദ്ദേശത്തോടെയുള്ള കോണ്‍ഗ്രസിന്റെ ഈ പ്രവര്‍ത്തിയെ മുഖ്യമന്ത്രിയും ധാര്‍ഷ്ട്യത്തോടെയാണ് നിരാകരിച്ചത്. അതേസമയം കര്‍ണാടകത്തിലെ മുഖ്യമന്ത്രി അവിടുത്തെ പി.സി.സി. കൊടുത്ത ഒരു കോടി രൂപ വാങ്ങാന്‍ തയ്യാറായി. 

പ്രളയദുരിതാശ്വാസ ഫണ്ട് വെട്ടിച്ചവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കേരള മുഖ്യമന്ത്രിക്ക് ഇത്രയ്ക്ക് ധാര്‍ഷ്ട്യത്തിന്റെ ആവശ്യമില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് ഇത്രയും ധാര്‍ഷ്ട്യം പാടില്ല. എത്ര പി.ആര്‍. ഏജന്‍സികള്‍ ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് ഒരു കുറവും വരുത്താനാവില്ല എന്നതിന് തെളിവാണ് ഇത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

കേരളത്തില്‍ പുതുതായി വ്യവസായങ്ങള്‍ വരാന്‍ പോകുന്നു എന്ന് മുഖ്യമന്ത്രി ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. കഴിഞ്ഞ നാല് വര്‍ഷമായി എന്ത് വ്യവസായമാണ് കേരളത്തില്‍ ഉണ്ടായത്! ഏതെങ്കിലും ഒരു വ്യവസായി ഇവിടെ മുതല്‍മുടക്കാന്‍ വന്നോ! എട്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രി വിദേശ രാജ്യങ്ങളില്‍ പോയി. എന്നാല്‍ പദ്ധതികളെല്ലാം പ്രഖ്യാപിക്കല്ലലാതെ ഒന്നും നടക്കുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെയും ധൂര്‍ത്തിന്റെയും കൂത്തരങ്ങാണ് കിഫ്ബി എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

content highlight: confusion sticks in between central government and state government in expats return and quarantine