ന്യൂഡല്‍ഹി: പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പനും മന്ത്രി എ.കെ ശശീന്ദ്രനും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ മുന്നണി മാറണോ വേണ്ടയോ എന്നതില്‍ എന്‍സിപി നേതൃത്വവും ആശയക്കുഴപ്പത്തില്‍.

പാലാ സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ യുഡിഎഫിലേക്ക് നീങ്ങാമെന്ന മാണി സി കാപ്പനും പാലാ കിട്ടിയില്ലെങ്കിലും എല്‍ഡിഎഫില്‍ തുടരണമെന്ന് എ.കെ ശശീന്ദ്രനും അവരവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

ഒരു പിളര്‍പ്പ് ഒഴിവാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് നേതൃത്വം. മുന്നണി മാറിയാല്‍ ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ തുടരും. മുന്നണി മാറേണ്ട എന്നാണ് തീരുമാനമെങ്കില്‍ കാപ്പനെ അനുകൂലിക്കുന്നവര്‍ വിട്ടുപോകും. ഈ സാഹചര്യത്തില്‍ ദോഹയില്‍ നിന്ന് തിരിച്ചെത്തിയ പ്രഫുല്‍ പട്ടേല്‍ കാപ്പനുമായി പ്രത്യേക ചര്‍ച്ചനടത്തും.

കാപ്പനെ അനുനയിപ്പിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച. സംസ്ഥാന അധ്യക്ഷന്‍ പീതാംബരനും കാപ്പനും മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ന് പ്രഫുല്‍ പട്ടേലുമായുള്ള ചര്‍ച്ചയ്ക്ക് ശശീന്ദ്രനെ വിളിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ ശശീന്ദ്രനെ കൂടി ഡല്‍ഹിക്ക് വിളിപ്പിച്ച് ഒരുവട്ടം കൂടി ചര്‍ച്ചയാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.

അങ്ങനെയെങ്കില്‍ മുന്നണി മാറ്റത്തില്‍ തീരുമാനം നാളേക്ക് നീളും. തുടര്‍ഭരണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നണി മാറുന്നത് തിരിച്ചടിയാകുമെന്നുമാണ് ശശീന്ദ്രന്‍ അനുകൂലികള്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. രണ്ട് വിഭാഗവും ജില്ലാ കമ്മറ്റികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ്.