കൊച്ചി: പെരുമ്പാവൂര്‍ ബഥേല്‍ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും തര്‍ക്കം. ഞായറാഴ്ച കുര്‍ബാന തുടങ്ങിയതിന് പിന്നാലെയാണ് പള്ളി പരിസരത്ത് തര്‍ക്കവും സംഘര്‍ഷാവസ്ഥയും ഉടലെടുത്തത്. 

യാക്കോബായ വിഭാഗം പള്ളിയില്‍ കുര്‍ബാന നടത്തുന്നതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലേക്ക് എത്തുകയും ഗേറ്റുകള്‍ പൂട്ടിയിടുകയും ചെയ്തു. യാക്കോബായ വിഭാഗം പള്ളിയില്‍നിന്ന് പുറത്തിറങ്ങാത്തതിനെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റ് പൂട്ടിയത്.

എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടും യാക്കോബായ വിഭാഗം പള്ളിയില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെ വൈദികരുടെ നേതൃത്വത്തിലെത്തിയ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. 

നേരത്തെ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ക്കും ആരാധന നടത്താന്‍ പ്രത്യേക സമയക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഒരുവിഭാഗത്തിന്റെ ആരാധന പൂര്‍ത്തിയായാല്‍ മറുവിഭാഗം പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന അര്‍പ്പിക്കലായിരുന്നു പതിവ്.  കഴിഞ്ഞദിവസങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെ ഈ സമയക്രമീകരണങ്ങളെല്ലാം താളംതെറ്റുകയും സ്ഥിതി വഷളാവുകയുമായിരുന്നു. 

Content Highlights: conflict between yakobaya and orthodox fractions in perumbavoor bathel church