കൊച്ചി: ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി കടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി. മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടി ഓഫീസിനുള്ളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

കാലങ്ങളായി ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് കടുങ്ങല്ലൂര്‍. തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇരു ഗ്രൂപ്പും തമ്മിലുള്ള വൈര്യം മറനീക്കി പുറത്തുവന്നിരിക്കുന്നത്.

കടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെ ആയിരുന്നു കയ്യാങ്കളി. എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളതാണ് മണ്ഡലം കമ്മിറ്റി. ഇത്തവണ ഈ പഞ്ചായത്തില്‍ രണ്ട് മണ്ഡലം കമ്മിറ്റികളാക്കി തിരിച്ചിരുന്നു. എന്നിട്ടും ഐ ഗ്രൂപ്പിന് ഭാരവാഹിത്വം കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ഈസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ ഐ ഗ്രൂപ്പുകാര്‍ സമാന്തരമായി യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകിട്ട് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഐ ഗ്രൂപ്പുകാര്‍ പ്രകടനവുമായി എത്തിയത്. യോഗം അലങ്കോലപ്പെടുത്തുകയും യോഗത്തിന്റെ മിനുട്ട്‌സ് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും കസേര ഉള്‍പ്പെടെ വലിച്ചെറിയുകയും ചെയ്തു.

ക്രിമിനല്‍ കേസ് പ്രതികള്‍ അടക്കമുള്ളവരെ മണ്ഡലം കമ്മിറ്റിയില്‍ ഭാരവാഹികളാക്കി എന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നത്. എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടുകള്‍ മണ്ഡലം കമ്മിറ്റിയിലെ എ ഗ്രൂപ്പ് സ്വീകരിക്കുന്നു എന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇവര്‍ കെ.പി.സി.സിക്ക് കത്തും അയച്ചിട്ടുണ്ട്.

content highlights: conflct between a and i group of congress in kadungallur