
കെ.കെ.എസ്. നമ്പ്യാരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു പാവപ്പെട്ടവന് സൗജന്യമായും അല്ലാത്തവര്‍ക്ക് മിതമായ നിരക്കിലും ഏറ്റവും മെച്ചപ്പെട്ട നേത്രചികിത്സ നല്കുന്ന ആശുപത്രി ആരംഭിക്കുക എന്നത്. 1998-ല്‍ കോംട്രസ്റ്റ് കണ്ണാശുപത്രി തുടങ്ങിയതു മുതല്‍ അദ്ദേഹമായിരുന്നു ആശുപത്രി ചെയര്മാന്. മധുരയിലേക്കും കോയമ്പത്തൂരിലേക്കും ട്രെയിനുകളില്‍ ആളുകള്‍ കുത്തിനിറച്ച് നേത്രചികിത്സക്ക് കഷ്ടപ്പെട്ട് പോകുന്നത് കണ്ടാണ് ഉത്തരകേരളത്തിലുള്ളവര്ക്കായി കോഴിക്കോട് ഒരു പബ്ലിക് ചാരിട്ടബിള്‍ ട്രസ്റ്റിന് കീഴില്‍ ഒരു കണ്ണാശുപത്രി സ്ഥാപിക്കുന്നതിനുള്ള ആശയം നമ്പ്യാര്‍ക്ക് ഉടലെടുത്തത്.
മലബാറിലെ ആദ്യകാല ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ ഒരാളായിരുന്ന അദ്ദേഹം 1998-ല്‍ വര്‍മ ആന്‍ഡ് വര്‍മ എന്ന അക്കൗണ്ടിങ്ങ് സ്ഥാപനത്തില്‍ നിന്നും വിരമിച്ചു. പിന്നീടങ്ങോട്ട് ശിഷ്ട ജീവിതം കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് വേണ്ടി മാത്രമായിരുന്നു.
കണ്ണുര്‍ ചെറുകുന്ന് സ്വദേശിയായ കെ.കെ.ശ്രീധരന് നമ്പ്യാര്‍ എന്ന കെ.കെ.എസ്.നമ്പ്യാര്‍ കോഴിക്കോട്ടുകാരനായിട്ട് 73 വര്‍ഷങ്ങള്‍ പിന്നിട്ടു. കോഴിക്കോട്ടെ ആശുപത്രി കൂടാതെ കാഞ്ഞങ്ങാട്ടും തലശ്ശേരിയിലും ഒറ്റപ്പാലത്തും ഇദ്ദേഹം സമീനരീതിയില് കോംട്രസ്റ്റിന്റെ ആശുപത്രികള്‍ സ്ഥാപിച്ചു. ഗ്രാമാന്തരങ്ങളിലെല്ലാം ആശുപത്രിയുടെ സബ് സെന്ററുകളും ആദിവാസികള്‍ക്ക് സൗജന്യ നേത്രചികിത്സ ലഭ്യമാക്കാനായി വയനാട് മുട്ടിലിലും പ്രത്യേകമായി ആശുപത്രി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി.
കാഞ്ഞങ്ങാട് മാവില ചന്ദ്രാവതിയാണ് ഭാര്യ. മാവില ശശികല, മാവില കൃഷ്ണന് നമ്പ്യാര്‍, മാവില നാരായണന് നമ്പ്യാര്‍ എന്നിവര്‍ മക്കളാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും കോംട്രസ്റ്റ് കണ്ണാശുപത്രി ട്രസ്റ്റിയുമായ അങ്കാരത്ത് നന്ദകുമാര്‍ മരുമകനാണ്. പരേതരായ കെ.കെ. ചാത്തുക്കുട്ടി നമ്പ്യാര്‍, കെ.കെ. കല്യാണിക്കുട്ടി അമ്മ എന്നിവര്‍ സഹോദരങ്ങളും. സംസ്കാരം നാളെ (നവംബര്‍ 13) വൈകീട്ട് നാല് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
Content Highlights: Comtrust Eye Hospital Founder and Chairman KKS Nambiar passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..