കല്‍പ്പറ്റ: ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി പ്രശ്‌നം സൃഷ്ടിച്ച വാനാക്രൈ മാല്‍വേറുകള്‍ വയനാട്ടിലും.

വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലാണ് വാനാക്രൈ വൈറസുകള്‍ ബാധിച്ചത്. 

അവധി ദിവസമായ ഞായറാഴ്ച്ച കഴിഞ്ഞ് ഇന്ന് ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ കമ്പ്യൂട്ടറുകള്‍ തുറന്നപ്പോള്‍ ആണ് വാനാക്രൈ മാല്‍വേറുകള്‍ ഫയലുകള്‍ ലോക്ക് ചെയ്തതായി കണ്ടത്. 

കമ്പ്യൂട്ടര്‍ തുറന്ന് ഫയലുകള്‍ ലഭിക്കണമെങ്കില്‍ പണം നല്‍കണമെന്ന സന്ദേശമാണ് ഇപ്പോള്‍ കമ്പ്യൂട്ടറുകളില്‍ തെളിയുന്നത്.

കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി ഫയലുകള്‍ ലോക്ക് ചെയ്യുന്നതാണ് വാനാക്രൈ മാല്‍വേറുകളുടെ ശൈലി. മുന്നൂറ് ബിറ്റ്‌കോയിനുകള്‍  (ഒരുതരം സൈബര്‍ കറന്‍സി) ഓണ്‍ലൈനായി അടച്ചാല്‍ മാത്രമേ ഫയലുകള്‍ ഉടമസ്ഥന് തിരിച്ചു ലഭിക്കൂ.