തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തലസ്ഥാന നഗരം പൂര്‍ണമായും അടച്ചിടുന്നത് തുടരില്ലെന്ന് മേയര്‍ കെ. ശ്രീകുമാര്‍. ലോക്ഡൗണ്‍ അവസാനിച്ചാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്നും മേയര്‍ അറിയിച്ചു. 

തിരുവനന്തപുരത്ത് രോഗവ്യാപനം തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രൂക്ഷമാകുന്നതിനിടെ ആദിവാസി മേഖലയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നഗരത്തില്‍ നടപ്പിലാക്കിയിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ നാളെ അവസാനിക്കുന്നത്. 

എന്നാല്‍ പൂര്‍ണമായ അടച്ചിടല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്ന തീരദേശത്തും കണ്ടെയിന്‍മെന്റ് സോണിലും മാത്രമാക്കുമെന്നാണ് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്. 

നഗരം ഒട്ടാകെ അടച്ചിടുന്ന സാഹചര്യത്തിലേക്ക് ഇനിയും കടക്കേണ്ട സാഹചര്യമില്ല. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് നിലനില്‍ക്കും. ബാക്കി സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോവുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കുക, സമൂഹവ്യാപനം ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്ന സമീപനമാണ് നഗരസഭ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത് - മേയര്‍ പറഞ്ഞു.  

രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളില്‍ നിലവില്‍ അനുവദനീയമായ കടകള്‍ക്ക് പുറമേ ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം, ഏതൊക്കെ ഓഫീസുകള്‍ തുറക്കാം, സമയക്രമീകരണം തുടങ്ങിയവ ജില്ലാ ഭരണകൂടം നിശ്ചയിക്കും. ഹോട്ടലുകള്‍ തുറക്കുന്നതിലും പൊതുഗതാഗതത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രധാനമാണ്. ഇതു സംബന്ധിച്ച അറിയിപ്പുകള്‍ വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്നും മേയര്‍ അറിയിച്ചു. 

Content highlight: complete lockdown will not be continued in trivandrum city says mayor k sreekumar