തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പരാതി. ഒക്ടോബര്‍ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചല്ലൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 19 ദിവസമായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണുള്ളത്.
സംസ്‌കരിക്കാന്‍ വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു പ്രശ്നത്തിൽ പോലീസ് സ്‌റ്റേഷനെ സമീപിച്ചപ്പോഴാണ് മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ലെന്ന് കുടുംബം അറിഞ്ഞത്. സംസ്‌കാരം നടന്നിട്ടില്ലെന്ന് അറിയാതെ ദേവരാജന്റെ മരണാനന്തര ചടങ്ങുകളും കുടുംബം നടത്തിയിരുന്നു.
സെപ്റ്റംബര്‍ 18ന് ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ദേവരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ പുഷ്പയും ദേവരാജനൊപ്പം കൂട്ടിരിപ്പിനുണ്ടായിരുന്നു. ചികിത്സയിലിരിക്കെ ദേവരാജന് കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയതോടെ ഭാര്യ വീട്ടിലേക്ക് മടങ്ങി. പിന്നാലെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. അവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ഇതിന് ശേഷമാണ് ഒക്ടോബര്‍ രണ്ടിന് ദേവരാജിന്റെ മരണവിവരം ആശുപത്രിയില്‍ നിന്ന് കുടുംബത്തെ അറിയിച്ചത്. സംസ്‌കാരത്തിനായി സ്വന്തമായി വീടും സ്ഥലവുമില്ലെന്ന് അറിയിച്ചപ്പോള്‍ മൃതദേഹം കൊല്ലത്തെ ഏതെങ്കിലും ശ്മശാനത്തില്‍ സംസ്‌കരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെന്നും കുടുംബം പറയുന്നു.
മോര്‍ച്ചറിയിലുള്ള മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ ബന്ധുക്കളുടെ സത്യവാങ്മൂലം ആവശ്യമാണെന്നും എന്നാല്‍ ദേവരാജന്റെ ബന്ധുക്കള്‍ ഇത് നല്‍കിയിട്ടില്ലെന്നുമാണ് അധികൃതരുടെ ന്യായീകരണം. അതേസമയം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഔദ്യോഗിക വിശദീകരണം ഇതുവരെ ആശുപത്രി അധികൃതര്‍ നല്‍കിയിട്ടില്ല.
സത്യവാങ്മൂലത്തിന്റെ കാര്യം കുടുംബത്തിന് അറിയില്ലായിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതര്‍ കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നുമില്ല. കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനിലെത്തിയാണ് കുടുംബാംഗങ്ങള്‍ സംസ്കാരത്തിനുള്ള സത്യവാങ്മൂലം എഴുതി നല്‍കിയത്. വ്യാഴാഴ്ച മൃതദേഹം സംസ്‌കരിക്കുമെന്ന് പോലീസ് കുടുംബത്തിന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
തിരുവുനന്തപുരം മെഡിക്കല്‍ കോളേജില്‍ സുലൈമാന്‍ കുഞ്ഞ് എന്ന വ്യക്തിയുടെ മൃതദേഹം അജ്ഞാത മൃതദേഹത്തിനൊപ്പം തള്ളിയ സാഹചര്യവും അടുത്തിടെ ഉണ്ടായിരുന്നു.
content highlights:; covid patient death, complanit agaisnt thiruvananthapuram medical college