പ്രതീകാത്മക ചിത്രം, വീട്ടിൽനിന്നു കൊണ്ടുവന്ന ഫാൻ പ്രവർത്തിപ്പിച്ചതിന് വൈദ്യുതിച്ചാർജ് ഇനത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന് പ്രദീപിനു നൽകിയ ബില്ല്
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തുന്ന കിടപ്പുരോഗികള്‍ക്ക് കാറ്റുകൊള്ളണമെങ്കില്‍ ഫാന്‍ വീട്ടില്‍നിന്നു കൊണ്ടുവരണം. ഇനി കൊണ്ടുവരുന്ന ഫാന്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ദിവസവും 50 രൂപ നല്‍കണം. ആശുപത്രിയിലെ സര്‍ജറി വാര്‍ഡിലെത്തുന്ന രോഗികള്‍ക്കാണ് ഈ ദുരിതം. ഇവിടെ 12 ഫാനുകള്‍ ഉണ്ടെങ്കിലും പകുതിയിലധികവും പ്രവര്‍ത്തിക്കുന്നില്ല.
വീട്ടില്‍നിന്നു കൊണ്ടുവന്ന ടേബിള്‍ ഫാന്‍ ഉപയോഗിച്ചതിന് വെള്ളനാട് പ്രീജാവിലാസത്തില്‍ പ്രദീപി(39)ല്‍ നിന്നാണ് രസീതു നല്‍കി 50 രൂപ ഈടാക്കിയത്. ഒന്‍പത് ദിവസമായി അപകടത്തില്‍പ്പെട്ട് ചികിത്സയിലാണ് പ്രദീപ്. ബൈക്ക് അപകടത്തെത്തുടര്‍ന്ന് നട്ടെല്ലിന് പൊട്ടലുണ്ട്. മെഡിക്കല്‍ കോളേജില്‍നിന്നാണ് തുടര്‍ചികിത്സയ്ക്കായി എട്ടുദിവസങ്ങള്‍ക്ക് മുന്‍പ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
ശരീരം മുഴുവന്‍ തളര്‍ന്ന അവസ്ഥയില്‍ കിടപ്പായ പ്രദീപ് കടുത്ത ചൂട് സഹിക്കാനാകാത്തതിനാല്‍ ആശുപത്രിയിലെ തകരാറിലായ ഫാന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് വേണമെങ്കില്‍ വീട്ടില്‍നിന്ന് ഫാന്‍ കൊണ്ടുവരാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് പ്രദീപ് പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍നിന്ന് ഫാന്‍ കൊണ്ടുവന്നപ്പോള്‍ ദിവസേന വൈദ്യുതിച്ചാര്‍ജ് ഇനത്തില്‍ 50 രൂപവെച്ച് ആശുപത്രിയില്‍ അടയ്ക്കാന്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് സൂപ്രണ്ടിന് അപേക്ഷ നല്‍കിയെങ്കിലും 100 രൂപ വൈദ്യുതിച്ചാര്‍ജ് ഇടാക്കി ബില്ല് നല്‍കി.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സാധാരണ പുറത്തുനിന്ന് കൊണ്ടുവരുന്ന വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് കമ്മിറ്റി(എച്ച്.ഡി.സി.) പണം ഈടാക്കാറുണ്ടെന്നും ആശുപത്രി സൂപ്രണ്ട് നിതാ എസ്.നായര്‍ പറഞ്ഞു. ഫാനുകള്‍ പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച് ജില്ലാപ്പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Content Highlights: complaint from patients in nedumangad hospital
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..