പ്രതീകാത്മക ചിത്രം
രാജപുരം: വില്ലേജ് ഓഫീസര്‍ ഫോണിലൂടെ അസഭ്യം പറഞ്ഞു. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് പരാതിക്കാരി. ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശിനി വിനീത പ്രഭാകരനാണ് പനത്തടി വില്ലേജ് ഓഫീസര്‍ക്കും രാജപുരം പോലീസിനുമെതിരേ പരാതിയുമായി രംഗത്തെത്തിയത്.
കാലവര്‍ഷത്തില്‍ വിനീതയുടെ അമ്മയുടെപേരിലുള്ള വീടിനും കിണറിനും കേടുപാട് സംഭവിച്ചിരുന്നു. നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരത്തിന് നികുതി രശീതിയോ, നമ്പറോ വേണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസില്‍നിന്ന് വിനീതയെ വിളിച്ചിരുന്നു.
മുന്‍പ് രണ്ടുതവണ നികുതി രശീത് നല്‍കിയതാണെന്ന് അറിയിച്ചു. ഇതറിയില്ലെന്നും അപേക്ഷ താലൂക്കിലേക്കയക്കാന് രശീതിയോ നമ്പറോ വേണമെന്നുമറിയിച്ച് ഫോണ്‍ സംസാരം നിര്‍ത്തിയതായും വിനീത പറയുന്നു. വൈകുന്നേരം അഞ്ചരയോടെ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വില്ലേജ് ഓഫീസര്‍ ഫോണില്‍ അസഭ്യം പറഞ്ഞതായാണ് പരാതി. വിവരം പൊതുപ്രവര്ത്തകന് കെ. സുഹാസിനെ അറിയിച്ചു.
സുഹാസിനോടും വില്ലേജ് ഓഫീസര്‍ തന്നെക്കുറിച്ച് ഫോണില്‍ മോശമായി സംസാരിച്ചതായും വിനീത പത്രസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ മന്ത്രി, കളക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്കി അഞ്ച് ദിവസം പിന്നിടുമ്പോഴും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നും തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും പറഞ്ഞ് പോലീസ് നീതി നിഷേധിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
വില്ലേജ് ഓഫീസര്ക്ക്എതിരേ കേസെടുത്തു
രാജപുരം: ഫോണ്‍ വിളിച്ച പൊതുപ്രവര്‍ത്തകനോട് അസഭ്യംപറഞ്ഞ വില്ലേജ് ഓഫീസര്‍ക്കെതിരേ കേസ്. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ കെ. സുഹാസിന്റെ പരാതിയിലാണ് പനത്തടി വില്ലേജ് ഓഫീസര്‍ വിനോദ് ജോസിനെതിരേ രാജപുരം പോലീസ് കേസെടുത്തത്.
വിനീതയെ ഫോണില്‍ വില്ലേജ് ഓഫീസര്‍ അസഭ്യം പറഞ്ഞതായ കാര്യത്തില്‍ അന്വേഷിക്കാനായി വിളിച്ചപ്പോള്‍ സുഹാസിനോടും വില്ലേജ് ഓഫീസര്‍ അസഭ്യം പറഞ്ഞതോടെ കോള്‍ റെക്കോര്‍ഡ് ചെയ്ത് പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് രാജപുരം പോലീസ് കേസെടുക്കുകയായിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് വിനീത പ്രഭാകരന് നല്കിയ മൊഴി പ്രകാരം പോലീസിന് കേസ് രജിസ്റ്റര്‍ചെയ്യാനുള്ള വകുപ്പില്ലെന്നും കോടതി മുമ്പാകെ പരാതി നല്‍കാവുന്നതാണെന്നും രാജപുരം ഇന്‍സ്പെക്ടര്‍ കൃഷ്ണന് കെ. കാളിദാസ് അറിയിച്ചു.
കേസെടുത്തകാര്യം അറിയില്ല-വില്ലേജ് ഓഫീസര്‍
പാണത്തൂര്‍: തനിക്കെതിരേ പോലീസ് കേസെടുത്തകാര്യം അറിഞ്ഞിട്ടില്ല. വില്ലേജ് ഓഫീസിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയതിന്റെ അടിസ്ഥാനത്തില്‍ വിനീതയോട് ഫോണില്‍ സംസാരിച്ചിരുന്നു.
കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവരുടെ സംസാരം പരിധിവിടുന്നതായി തോന്നിയതോടെ ഞാനും രൂക്ഷമായി സംസാരിച്ച് ഫോണ്‍ കട്ടാക്കുകയായിരുന്നു. എന്നാല്‍ മോശമായി ഒന്നും സംസാരിച്ചിട്ടില്ല. പിന്നീട് വിഷയവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രാദേശിക നേതാവ് വിളിച്ചതായി ജീവനക്കാരന് അറിയിച്ചതിനെ തുടര്‍ന്ന് ഈ നമ്പറില്‍ ഞാന്‍ തിരിച്ചുവിളിച്ചു.
സി.പി.എം. ലോക്കല്‍ സെക്രട്ടറിയല്ല പാര്‍ട്ടിയംഗമാണെന്ന് അറിഞ്ഞതോടെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് കരുതി രൂക്ഷമായി സംസാരിക്കേണ്ടിവന്നിരുന്നു. ഇതിന് ക്ഷമ പറയാനും തയ്യാറാണെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
Content Highlights: complaint against village officer, police did not register case yet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..