ഉമ തോമസ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമ തോമസിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ബോസ്കോ കളമശ്ശേരിയുടെ പരാതി. സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും വെച്ച് കൂടുതല്‍ വോട്ട് നേടുന്ന ബൂത്തിന് പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ കള്‍ച്ചറല്‍ സൊസൈറ്റി (INCAS) യൂത്ത് വിങ്ങാണ് 25001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റിട്ടിരിക്കുന്നത്. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ച് സ്ഥാനാര്‍ഥിയെ അയോഗ്യയാക്കണമെന്നും റിട്ടേണിങ് ഓഫീസര്‍ക്കും തൃക്കാക്കര പോലീസിലും നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയില്‍ തൃക്കാക്കര പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ് തുല്യനീതിയ്ക്ക് നിരക്കുന്നതല്ലെന്നും കൃത്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സ്വതന്ത്ര സ്ഥാനാര്‍ഥി ബോസ്കോ കളമശ്ശേരി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പോസ്റ്റിട്ട ഐ.പി. അഡ്രസ് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്നും തൃക്കാക്കര എ.സി.പി. അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..