ഏറ്റുമാനൂര്‍: എം.ജി.സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി എ.ഐ.എസ്.എഫ് വനിതാ നേതാവിന്റെ പരാതി. തനിക്കു നേരെ എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്നും കയറിപിടിച്ചെന്നും ജാതിപേര് വിളിച്ചെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ അക്രമിച്ചിരുന്നു. തുടര്‍ന്ന് എഐഎസ്എഫ് വനിതാ നേതാവ് രോഷാകുലയായി പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എഐഎസ്എഫ് പ്രവര്‍ത്തകനെ ഒറ്റയ്ക്ക് വളഞ്ഞിട്ടാക്രമിച്ച നടപടിയില്‍ പ്രകോപിതയായി പെണ്‍കുട്ടി പോലീസിന് മുന്നില്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

'ഒരാളെ ഒറ്റയ്ക്ക് ആക്രമിക്കുന്നതാണോ എസ്എഫ്‌ഐയുടെ ജനാധിപത്യം. എന്ത് ജനാധിപത്യമാണ് ഇവര്‍ക്കുള്ളത്. ആദ്യം ജനാധിപത്യമെന്ന് എഴുതി പഠിക്കെടാ... ആര്‍എസ്എസുക്കാരാവല്ലെടാ' രോഷത്തോടെ പെണ്‍കുട്ടി പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

സംഭവത്തിന് പിന്നാലെ അക്രമത്തിനിരയായ എഐഎസ്എഫ് പ്രവര്‍ത്തകരും വനിതാ നേതാവും രണ്ട് പരാതികളാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിരിക്കുന്നത്.

'എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന അലറി വിളിച്ച് ഭീഷണിപ്പെടുത്തി. ശരീരത്തില്‍ കയറി പിടിച്ചു. ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തില്‍ നിന്നുള്ള പിടുത്തം വിടുവിച്ചത്. സ്ത്രീത്വത്തേയും ജാതിപ്പേര് വിളിച്ചും അധിക്ഷേപിച്ചു. തന്നെ അക്രമിച്ചതിന്ന് നേതൃത്വം നല്‍കിയവര്‍ തന്നെ വ്യക്തിപരമായി അറിയുന്ന ഒപ്പം പഠിക്കുന്നവരാണ്' യുവതിയുടെ പരാതിയില്‍ പറയുന്നു.

AISF
എഐഎസ്എഫ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ നിന്ന്‌

എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, ജില്ലാ സെക്രട്ടറി അമല്‍, പ്രജിത്ത് കെ.ബാബു,  വിദ്യാഭ്യാസ മന്ത്രിയുടെ  പേഴ്‌സണല്‍ സ്റ്റാഫംഗം കെ.എം.അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്.

ഞങ്ങള്‍ മത്സരത്തിനിറങ്ങി എന്നത് മാത്രമായിരുന്നു പ്രശ്‌നം. എഐഎസ്എഫ് ജനറല്‍ സീറ്റിലെ ഒറ്റ സീറ്റില്‍ മാത്രമാണ് മത്സരിച്ചത്. സെനറ്റിലെ ബാക്കി 14 സീറ്റിലും ഏകപക്ഷീയമായി ജയിച്ച് നിന്നിട്ടാണ് എസ്എഫ്‌ഐ ഞങ്ങളെ ഒരു സീറ്റില്‍ പോലും മത്സരിക്കാന്‍ അനുവദിക്കാതിരിക്കുന്നതെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഷാജോ പറഞ്ഞു.

ഏകപക്ഷീയമായിരുന്നു ആക്രമണം. വര്‍ഷങ്ങളായി ഞങ്ങള്‍ സഖ്യത്തിലല്ല മത്സരിക്കുന്നത്. ഇത്തവണ സഖ്യത്തിനായി മൂന്ന് തവണ എസ്എഫ്‌ഐ ജില്ലാ നേതൃത്വവുമായും ഒരു തവണ സംസ്ഥാന നേതൃത്വവുമായും സംസാരിച്ചതാണ്. എന്നാല്‍ ഒരു അനുകൂല പ്രതികരണവും അവരുടെ  ഭാഗത്ത് നിന്നുണ്ടായില്ല.

പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ചാണ് എസ്എഫ്‌ഐ നേതാക്കള്‍ അക്രമിക്കുന്നത്. സര്‍വകലാശാല കവാടത്തിന് മുന്നില്‍ എസ്എഫ്‌ഐക്കാര്‍ കാവല്‍ നില്‍ക്കുകയാണ്. അവരുടെ പ്രവര്‍ത്തകരെല്ലാത്തവരുടെ വാഹനങ്ങള്‍ പരിശോധന നടത്തിയാണ് കടത്തിവിടുകയെന്നും ഷാജോ പറഞ്ഞു.

സര്‍വകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പില്‍ ജനറല്‍ കൗണ്‍സിലിലേക്ക് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.ഷാജോ മത്സരിച്ചിരുന്നു. സെനറ്റിലേക്ക് എസ്.എഫ്.ഐ. യെക്കൂടാതെ എ.ഐ.എസ്.എഫ്. മാത്രമാണ് മത്സരിച്ചത്. കെ.എസ്.യു. വോട്ടിങ്ങില്‍നിന്ന് പിന്മാറിയിരുന്നു. വോട്ടിങ്ങിനായി എ.ഐ.എസ്.എഫ്. കൗണ്‍സിലര്‍മാര്‍ യൂണിവേഴ്സിറ്റിയില്‍ എത്തിയതോടെ പ്രകോപിതരായ എസ്.എഫ്.ഐ. ക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ്. ആരോപിക്കുന്നത്.

മാറിനിന്ന് ഫോണ്‍ ചെയ്തിരുന്ന സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ എ.സഹദിനെ എസ്.എഫ്.ഐ. സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ്. ആരോപിച്ചു. മറ്റുള്ളവര്‍ ചേര്‍ന്ന് സഹദിനെ രക്ഷപ്പെടുത്തി. പോലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സംസ്ഥാന ജോയിന്റ് സെക്രട്ടറികൂടിയായ ഋഷിരാജിന് നേരെയും ആക്രമണമുണ്ടായി.

സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അമല്‍ അശോകന്‍, നിമിഷാ രാജു എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരുടെ മൊഴിയനുസരിച്ച് ഗാന്ധിനഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.