രാജേന്ദ്രൻ
വെമ്പായം: ചെവിവേദനയ്ക്ക് ചികിത്സതേടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ രോഗിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ഇ.എന്‍.ടി. വിഭാഗത്തില്‍ ചികിത്സതേടിയ വെമ്പായം പേരുംകൂര്‍ കൊഞ്ചിറ തീര്ഥത്തില് രാജേന്ദ്ര(53)ന്റെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതിനല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും രാജേന്ദ്രന് ആരോപിച്ചു.
രണ്ടാഴ്ചമുമ്പാണ് ചെവിവേദനയെത്തുടര്‍ന്ന് രാജേന്ദ്രന് മെഡിക്കല്‍ കോളേജിലെത്തിയത്. ചെവിക്കുള്ളില്‍ മരുന്നുവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് മരുന്നുപായ്ക്ക് വെച്ച് വീട്ടിലേക്ക് മടങ്ങി. എന്നാല്‍, ഒരാഴ്ചയ്ക്കുശേഷം കാഴ്ച കുറഞ്ഞു, പല്ലുവേദനയുമുണ്ടായി. കണ്പോള അടഞ്ഞുപോയതോടെ വീണ്ടും ആശുപത്രിയെ സമീപിച്ചു.
എം.ആര്.ഐ. സ്കാനില്‍ ചെവിക്കുള്ളില്‍ നിക്ഷേപിച്ച മരുന്നുപായ്ക്കും കണ്ണിലേക്കുള്ള ഞരമ്പും തമ്മില്‍ ഞെരുങ്ങിയിരിക്കുകയാണെന്ന് കണ്ടെത്തി. ഇയര്‍പാക്ക് എടുത്തുമാറ്റുകയും ചെയ്തു. പിന്നീട് പലവട്ടം ആശുപത്രിയിലെത്തിയിട്ടും തുടര്‍ചികിത്സയ്ക്ക് സൗകര്യമൊരുക്കിയില്ലെന്നും ആരോപണമുണ്ട്.
കാഴ്ചനഷ്ടപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ടയര്‍കട നടത്തുന്ന രാജേന്ദ്രന്റെ രണ്ടുമക്കളും വിദ്യാര്‍ഥികളാണ്. ആരോഗ്യമന്ത്രി ഇടപെട്ട് തുടര്‍ചികിത്സ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..