ആർ ശ്രീലേഖ, ദിലീപ്
തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ മുന്‍ ഡിജിപി ആര് ശ്രീലേഖക്കെതിരേ കേസെടുക്കണമെന്ന് പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി മുമ്പ് മറ്റു നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും ശ്രീലേഖ നടപടിയെടുക്കാതെ സംരക്ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് പരാതി നല്‍കിയത്. പരാതി തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് കൈമാറി.
പള്‍സര്‍ സുനിക്കെതിരേ അന്ന് കൃത്യമായി നടപടി എടുത്തിരുന്നുവെങ്കില്‍ വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിക്കെതിരേ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് സിനിമമേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാര്‍ പള്‍സര്‍ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തിയത്. വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രീകരിച്ച് ഇയാള്‍ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കരിയര്‍ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായത് കൊണ്ടാണ് അവര്‍ പരാതി നല്‍കാതെ പണം നല്കി സംഭവം ഒത്തുതീര്‍പ്പാക്കിയെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
ദിലീപിനെതിരേ തെളിവില്ലെന്നും പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. കേസില്‍ ദിലീപിനെതിരേ തെളിവുകിട്ടാത്തതിനാല്‍ പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും അവര്‍ ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല, സഹതടവുകാരനാണ് എന്നും പള്‍സര്‍ സുനി അമ്മയ്ക്ക് എഴുതിയ കത്തും പുറത്തുവന്ന കത്തും രണ്ടാണെന്നും ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ള ചിത്രം വ്യാജമായി സൃഷ്ടിച്ചതാണന്നും ശ്രീലേഖ ആരോപിച്ചിരുന്നു. അതേസമയം, ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ള ചിത്രം യഥാര്‍ഥമാണെന്നും അതില്‍ കൃത്രിമത്വം ഇല്ലെന്നും ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറായ ബിദില്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..